പ്രതീകാത്മക ചിത്രം
കൊച്ചി: വിപണിയില്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി ചെറു കമ്പനികളെ ഏറ്റെടുക്കാന്‍ ഒരുങ്ങി പ്രമുഖ പെയിന്റ് നിര്‍മ്മാതാക്കളായ ബെര്‍ജര്‍ പെയിന്റ്‌സ്. നിലവില്‍ കേരളത്തിലെ പെയിന്റ് വിപണി കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് ബെര്‍ജര്‍ പെയിന്റ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ അഭിജിത് റോയ് പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസക്കാലയളവില്‍ കേരളവും പശ്ചിമ ബംഗാളും ഒഴികെയുള്ള മേഖലകളില്‍ മികച്ച വളര്‍ച്ച നേടാന്‍ കമ്പനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിപണി വിഹിതം ഗണ്യമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ബെര്‍ജര്‍ പെയിന്റ്‌സ് രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തില്‍ പുതിയ ഫാക്ടറി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം വിറ്റുവരവ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറ് ശതമാനം വര്‍ദ്ധനയോടെ 20,000 കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും അഭിജിത് റോയ് പറഞ്ഞു.