ബൈജൂസില്‍ വീണ്ടും രാജി; സിഇഒ അര്‍ജുന്‍ മോഹന്‍ സ്ഥാനമൊഴിഞ്ഞു

ബൈജൂസിന്റെ പ്രവര്‍ത്തന ചുമതലകള്‍ സ്ഥാപകനായ ബൈജു രവീന്ദ്രന്‍ ഏറ്റെടുത്തതോടെയാണ് നടപടിയെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

author-image
anumol ps
New Update
arjun mohan

അര്‍ജുന്‍ മോഹന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 ബെംഗളൂരു: എഡ്-ടെക് സ്ഥാപനമായ ബൈജൂസില്‍ വീണ്ടും പ്രതിസന്ധി. ബൈജൂസിന്റെ സിഇഒ അര്‍ജുന്‍ മോഹന്‍ രാജിവെച്ചു. സിഇഒ ചുമതല ഏറ്റെടുത്ത് ഏഴ് മാസം പിന്നിടുമ്പോഴാണ് രാജി. ബൈജൂസിന്റെ പ്രവര്‍ത്തന ചുമതലകള്‍ സ്ഥാപകനായ ബൈജു രവീന്ദ്രന്‍ ഏറ്റെടുത്തതോടെയാണ് നടപടിയെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബൈജു കമ്പനി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിലേക്ക് എത്തുന്നത്. കമ്പനിയുടെ ഉപദേശകന്റെ ചുമതലയായിരിക്കും ഇനി അര്‍ജുന്‍ വഹിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. 

'ബൈജൂസിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടത്തില്‍ അര്‍ജുന്‍ മികച്ച പ്രവര്‍ത്തനമാണ് നല്‍കിയത്. അദ്ദേഹത്തിന്റെ നേതൃത്വ മികവിനെ അഭിനന്ദിക്കുന്നു. തന്ത്രപ്രധാനമായ ഉപദേശകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനം പ്രതീക്ഷിക്കുന്നു,' ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.

2011 ലായിരുന്നു ബൈജൂസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ട്അപ്പുകളില്‍ ഒന്നായിരുന്നു. 2022ല്‍ കമ്പനിയുടെ മൂല്യം 22 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ എംബിഎ വിദ്യാര്‍ഥികള്‍ക്ക് വരെ സേവനം ലഭ്യമായിരുന്നു. 

ബൈജൂസില്‍ തകര്‍ച്ച നേരിട്ടതോടെ ബെംഗളൂരുവിലുള്ള പ്രധാന ഓഫീസ് ഉള്‍പ്പെടെ മറ്റെല്ലാ ഓഫീസുകളും പൂട്ടാന്‍ കമ്പനി നിര്‍ദ്ദേശിച്ചിരുന്നു. 

ഈ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനി നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 

byjus ceo arjun mohan