ജീവനക്കാര്‍ക്ക് മാര്‍ച്ചിലെ ശമ്പളം ഭാഗികമായി വിതരണം ചെയ്ത് ബൈജൂസ്

ഒരുമാസം ശമ്പളത്തിന് മാത്രമായി 45-50 കോടി രൂപയാണ് ബൈജൂസിന് വേണ്ടിവരുന്നത്. 15,000ത്തോളം ജീവനക്കാരാണ് ബൈജൂസില്‍ ജോലി ചെയ്യുന്നത്.

author-image
anumol ps
New Update
byjus

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ബെംഗളൂരു: എഡ്‌ടെക് കമ്പനി ബൈജൂസ് ജീവനക്കാര്‍ക്ക് മാര്‍ച്ചിലെ ശമ്പളം ഭാഗികമായി വിതരണം ചെയ്തു. ബൈജൂസ് സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്. ബൈജു സ്വന്തംനിലയ്ക്ക് 30 കോടി രൂപ കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ചാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്.

ഒരുമാസം ശമ്പളത്തിന് മാത്രമായി 45-50 കോടി രൂപയാണ് ബൈജൂസിന് വേണ്ടിവരുന്നത്. 15,000ത്തോളം ജീവനക്കാരാണ് ബൈജൂസില്‍ ജോലി ചെയ്യുന്നത്. താഴ്ന്ന പ്രതിഫലം വാങ്ങുന്നവരുടെയും ടീച്ചര്‍മാരുടെയും മുഴുവന്‍ ശമ്പളവും കൊടുത്തപ്പോള്‍ ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്ക് മാര്‍ച്ചിലെ പകുതി ശമ്പളമാണ് നല്‍കിയിരിക്കുന്നത്. ഫെബ്രുവരിയിലെ ശമ്പളത്തിന്റെ ഒരുഭാഗവും കൊടുത്തു തീര്‍ക്കാനുണ്ട്.

ശമ്പള വിതരണത്തിനായി സിഇഒ തന്നെ രംഗത്തെത്തിയത് ജീവനക്കാരുടെ മനോഭാവത്തിലും അനുകൂല മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിസന്ധി സമയത്ത് ജീവനക്കാരെ ചേര്‍ത്തു നിര്‍ത്താന്‍ ബൈജു രവീന്ദ്രന്‍ തുടക്കം മുതല്‍ ശ്രദ്ധിച്ചിരുന്നു. മാര്‍ച്ചില്‍ ശമ്പളം വൈകിയ സമയത്ത് ജീവനക്കാര്‍ക്ക് കത്തെഴുതിയ അദേഹത്തിന്റെ വൈകാരിക നീക്കം വിജയം കണ്ടിരുന്നു.

മാര്‍ച്ച് മുതല്‍ ബൈജൂസ് ഇന്ത്യയിലെ ഓഫീസുകള്‍ പലതും ഒഴിയുകയാണ്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെലവുകള്‍ പരമാവധി കുറച്ച് പിടിച്ചു നില്‍ക്കാനാണ് കമ്പനി ശ്രമിക്കുന്നത്. പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ബൈജൂസിന്റെ ഇന്ത്യ സി.ഇ.ഒ അര്‍ജുന്‍ മോഹന്‍ അടുത്തിടെ രാജിവച്ചതും തിരിച്ചടിയായിരുന്നു. 

byjus salary