വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പാതയുടെ ടെണ്ടര്‍ അടുത്തമാസം

കൊങ്കണ്‍ റെയില്‍വേ തയ്യാറാക്കിയ എന്‍ജിനീയറിങ്, പ്രൊക്യുമെന്റ്, കണ്‍ട്രക്ഷന്‍( ഇപിസി) ടെന്‍ഡര്‍ രേഖകള്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി പരിശോധിച്ച് അംഗീകാരം നല്‍കിയിട്ടുണ്ട്

author-image
Biju
New Update
VIZHINJAM

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ റെയില്‍വേയുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭപ്പാതയ്ക്കായുള്ള ടെന്‍ഡര്‍ അടുത്തമാസം വിളിക്കും. സംസ്ഥാന സര്‍ക്കാര്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട്, കൊങ്കള്‍ റെയില്‍വേ കോര്‍പ്പറേഷന്‍ തുങ്ങിയവരുടെ പ്രതിനിധികള്‍ ശനിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അുത്തമാസം ടെണ്ടര്‍ വിളിക്കാന്‍ തീരുമാനമായത്. സെപ്റ്റംബര്‍ ആദ്യവാരവും ഉന്നതതല യോഗം ചേരുന്നുണ്ട്.

കൊങ്കണ്‍ റെയില്‍വേ തയ്യാറാക്കിയ എന്‍ജിനീയറിങ്, പ്രൊക്യുമെന്റ്, കണ്‍ട്രക്ഷന്‍( ഇപിസി) ടെന്‍ഡര്‍ രേഖകള്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി പരിശോധിച്ച് അംഗീകാരം നല്‍കിയിട്ടുണ്ട്. ബാലരാമപുരം റെയില്‍വേ സ്റ്റേഷന്‍ മുതല്‍ വിഴിഞ്ഞം തുറമുഖം വരെ 10.76 കിലോമീറ്റര്‍ ദൂരത്തിലാണ് പാത. ഇതില്‍ 9.5 കി.മീ ഭൂമിക്കടിയിലൂടെയാണ്. 1,483 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിര്‍മാണച്ചുമതല കൊങ്കണ്‍ റെയില്‍വേയ്ക്കാണ്. ന്യു ഓസ്ട്രിയന്‍ ടണലിങ് മെതേഡ് (എന്‍എടിഎം) ഉപയോഗിച്ചാകും ഭൂഗര്‍ഭപാത നിര്‍മാണം. പ്രവൃത്തി തുടങ്ങി മൂന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.

നിര്‍മാണവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് തിരുവനന്തപുരം ( വിസില്‍) 343 കോടിരൂപ ദക്ഷിണ റെയില്‍വേയ്ക്കും ഭൂമി ഏറ്റെടുക്കുന്നതിനായി 190 കോടി രൂപ തിരുവനന്തപുരം കളക്ടര്‍ക്കും നല്‍കി. കൊങ്കണ്‍ റെയില്‍വേയ്ക്ക് 96.2 കോടിയും കൈമാറി. ബാലരാമപുരം സ്റ്റേഷന് സമീപത്തുനിന്ന് ടേബിള്‍ ടോപ്പ് രീതിയിലാവും ഭൂഗര്‍ഭപാതയുടെ നിര്‍മാണം. . വിഴിഞ്ഞം - ബാലരാമപുരം റോഡിന്റെ ഭൂനിരപ്പില്‍നിന്ന് 2530 മീറ്റര്‍ എങ്കിലും താഴ്ചയിലൂടെയാകും നിര്‍ദിഷ്ട പാത കടന്നുപോവുക. സിംഗിള്‍ലൈനായിരിക്കും. വിഴിഞ്ഞം തുറമുഖത്തിന് 150 മീറ്റര്‍ അകലെവരെയാണിത്. അവിടെനിന്ന് തൂണുകളിലൂടെ 125150 മീറ്റര്‍ പാത നിര്‍മിക്കും.

തുറമുഖത്തുനിന്നുള്ള ചരക്കുനീക്കത്തിനുള്ള താല്‍ക്കാലിക റെയില്‍വേ സംവിധാനവും ഒരുക്കുന്നുണ്ട്. ബാലരാമപുരത്തിനും നെയ്യാറ്റിന്‍കരയ്ക്കുമിടയിലായിരിക്കും താല്‍ക്കാലിക സംവിധാനം. ട്രക്കുകളില്‍ കണ്ടെയ്നര്‍ കയറ്റി ഇവിടെ എത്തിച്ച് അവിടെനിന്ന് റെയില്‍മാര്‍ഗം കൊണ്ടുപോകും. വിഴിഞ്ഞത്തേക്കുള്ള കണ്ടെയ്നര്‍ ട്രെയിനില്‍ എത്തും. കണ്ടെയ്നര്‍ സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ കേരളത്തിന്റെ വിവിധരംഗങ്ങളിലെ സാധ്യതകളും വര്‍ധിച്ചു. പ്രധാനനേട്ടം നികുതി വരുമാനം കൂടുമെന്നതാണ്. ചരക്കിറക്കുമ്പോള്‍ അതിന്റെ മൂല്യത്തിന്മേല്‍ ഇന്റഗ്രേറ്റഡ് ജിഎസ്ടി കൂടി കസ്റ്റംസ് വിഭാഗം ഈടാക്കും. ഇതിന്റെ പകുതി സംസ്ഥാനത്തിനാണ്. പുറമെ ചരക്കുകള്‍ കയറ്റിയിറക്കു ഫീസുമായി ബന്ധപ്പെട്ട നികുതിയും ലഭിക്കും. തുറമുഖം കപ്പലുകള്‍ക്ക് നല്‍കുന്ന മറ്റു സേവനങ്ങളുടെ ഫീസിലും കപ്പലുകള്‍ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്ന ചില സാഹചര്യങ്ങളിലും സംസ്ഥാനത്തിന് നികുതി ലഭിക്കും. ഒരുകപ്പല്‍  പോകുമ്പോള്‍ ഒരുകോടി രൂപ എങ്കിലും വിഴിഞ്ഞം തുറമുഖത്തിന് ലഭിക്കുമെന്നാണ് ഈരംഗത്തുള്ളവര്‍ പറയുന്നത്. ഇതിന്റെ 18 ശതമാനം ജിഎസ്ടിയാണ്. അതില്‍ പകുതി കേരളത്തിനുള്ളതാണ്. 

രാജ്യത്തേക്കുള്ള കണ്ടെയ്നറുകളില്‍ 70-80 ശതമാനംവരെ കൊളംബോ തുറമുഖത്താണ് ഇറക്കുന്നത്. അതില്‍ 20-30 ശതമാനംവരെ വിഴിഞ്ഞത്തേക്ക് കൊണ്ടുവരാന്‍ കഴിയും. ഒന്നാംഘട്ടത്തില്‍ തുറമുഖത്തിന് 10 ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുള്ളത്. 15 ലക്ഷം കണ്ടെയ്നര്‍ കൊണ്ടുവരാന്‍ കഴിയും.

ഈവര്‍ഷം അവസാനത്തോടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണപ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തില്‍ പതിനായിരം കോടി രൂപയാണ് നിക്ഷേപമായി എത്തുക. ഇതിനു പുറമേ സര്‍ക്കാര്‍ പശ്ചാത്തല വികസനത്തിനും മറ്റുമായി 8000 കോടി രൂപയുടെ പദ്ധതിയും ആലോചിക്കുന്നുണ്ട്. ടൂറിസം രംഗത്തും കുതിച്ചുച്ചാട്ടമുണ്ടാകും. ഹോട്ടല്‍ വ്യവസായത്തിനും അത് ഗുണംചെയ്യും. കപ്പലിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും കേരളത്തില്‍നിന്ന് നല്‍കും. അതിലൂടെയും വരുമാനം ഉണ്ടാകും.

കേന്ദ്ര ആസൂത്രണ കമീഷന്‍ തയ്യാറാക്കിയ സംസ്ഥാന തുറമുഖങ്ങള്‍ക്കായുള്ള മാതൃകാ കണ്‍സഷന്‍ കരാര്‍ പ്രകാരമാണ് വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ തയ്യാറാക്കിയത്. 40 വര്‍ഷമാണ് കരാര്‍ കാലാവധി. അടുത്ത രണ്ട് ഘട്ടങ്ങളും അദാനി ഗ്രൂപ്പ് സ്വന്തം ചെലവില്‍ പൂര്‍ത്തിയാക്കിയാല്‍ നടത്തിപ്പവകാശം 20 വര്‍ഷംകൂടി നീട്ടും. ഓഖി, പ്രളയം തുടങ്ങിയ കാരണങ്ങളാല്‍ നിര്‍മാണം വൈകിയെന്ന അദാനിഗ്രൂപ്പിന്റെ വാദം ശരിവച്ച് സര്‍ക്കാര്‍ നിര്‍മാണക്കാലയളവ് അഞ്ച് വര്‍ഷംകൂടി നീട്ടി നല്‍കിയിരുന്നു. ഇതോടെ 65 വര്‍ഷം തുറമുഖത്തിന്റെ നടത്തിപ്പവകാശം അദാനിഗ്രൂപ്പിന് ലഭിക്കും.   കരാര്‍ അനുസരിച്ച് 2034 മുതല്‍ ഒരു ശതമാനംവീതം  ലാഭവിഹിതം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള  വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്  ലിമിറ്റഡിന് (വിസില്‍) നല്‍കും. ലാഭവിഹിതം ഓരോ വര്‍ഷവും ഒരു ശതമാനം വീതം വര്‍ധിക്കും. 20,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

Vizhinjam international seaport