/kalakaumudi/media/media_files/2025/10/20/kol-2025-10-20-15-11-52.jpg)
കൊല്‍ക്കത്ത: ഇന്ന് വിപണിയില്‍ പുതിയതായി എത്തുന്ന നിക്ഷേപകര്‍ എപ്പോഴും കേള്‍ക്കുന്നത് എന്‍ എസ് ഇ, ബി എസ് ഇ എന്നി എക്‌സ്‌ചേയ്ഞ്ചുകളെ കുറിച്ചായിരിക്കും. എന്നാല്‍ ഇത് കൂടാതെ പണ്ട് നമുക്ക് വേറെയും എക്‌സ്‌ചേയ്ഞ്ചുകള്‍ ഉണ്ടായിരുന്നു. കൊച്ചിന്‍സ്റ്റോക്ക് എക്‌സ്‌ചേയ്ഞ്ച്, മദ്രാസ് സ്റ്റോക്ക്, മെട്രോപൊളിറ്റന്‍ സ്റ്റോക്ക് എക്‌സ്‌ചേയ്ഞ്ച് തുടങ്ങി വിവിധ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയിലുണ്ടായിരുന്നു.
എന്നാല്‍ ഇതില്‍ പല പേരുകളും ഇന്ന് ഇല്ല. എന്‍എസ്ഇയും ബിഎസ്ഇയും നിലവില്‍ വന്നതോടെ മറ്റു എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കേണ്ട സാഹചര്യം ഉണ്ടായി. എങ്കിലും പല പ്ലാറ്റ്‌ഫോമുകളും സ്റ്റോക്ക് ബ്രോക്കിങ് സേവനങ്ങള്‍ നല്‍കി കൊണ്ട് നില നില്‍ക്കുന്നുണ്ട്.
കൂട്ടത്തിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് കൊല്‍ക്കത്ത സ്റ്റോക്ക് എക്‌സ്‌ചേയ്ഞ്ച്. 90 കളില്‍ ലിയോണ്‍സ് റേഞ്ചില്‍ നിറഞ്ഞു നിന്നിരുന്ന തിരക്കിട്ട സ്റ്റോക്ക് എക്‌സ്‌ചേയ്ഞ്ച്. ഏകദേശം 117 വര്‍ഷത്തോളം പഴക്കമാണ് ഇതിനുള്ളത്. നിരവധി വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ എക്‌സ്‌ചേയ്ഞ്ചും പൂര്‍ണമായും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നു. ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് അവസാനത്തെ കാളി പൂജ നടത്തികൊണ്ട് അവസാനിക്കുന്നത് ഒരു യുഗത്തിന്റെ ചരിത്രമാണ്.
2013 ലാണ് സെബി കല്‍ക്കട്ട സ്റ്റോക്ക് എക്‌സ്‌ചേയ്ഞ്ച്‌ന്റെ വ്യാപാരം നിര്‍ത്തലാക്കാനുള്ള നിര്‍ദേശം നല്‍കിയത്. റെഗുലേറ്ററി ആവശ്യങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. നിരവധി തവണ എക്‌സ്‌ചേയ്ഞ്ച് പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും , സെബിയുടെ തീരുമാനത്തിനെതിരെ കോടതിയില്‍ പോവുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ സ്റ്റോക്ക് എക്‌സ്‌ചേയ്ഞ്ച് ബിസിനസ് നിര്‍ത്തലാകുന്നതിന് തീരുമാനിച്ചിരിക്കുന്നു.
സ്റ്റോക്ക് എക്‌സ്‌ചേയ്ഞ്ച് ബിസിനസ് നിര്‍ത്തലാകുന്നതിനുള്ള അനുമതി ഏപ്രില്‍ 2025 ലാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് സെബിക്ക് എക്‌സിറ്റ് ആപ്പ്‌ളിക്കേഷന്‍ സമര്‍പ്പിക്കുകയായിരുന്നു. സെബിയുടെ നേതൃത്വത്തില്‍ എക്‌സ്‌ചേയ്ഞ്ചിന്റെ വാല്യൂവേഷന്‍ വിലയിരുത്തുന്നതിന് ഒരു ഏജന്‍സിയെ നിയോഗിച്ചിരുന്നു. പൂര്‍ണമായും വ്യാപാര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതോടെ എന്‍എസ്ഇയിലും, ബിഎസ്ഇയിലും ബ്രോക്കിങ് സേവനങ്ങള്‍ നല്‍കുന്ന സിഎസ്ഇ ക്യാപിറ്റല്‍ മാര്‍ക്കറ്റിന്റെ ഹോള്‍ഡിങ് കമ്പനിയായി കല്‍ക്കട്ട സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാറും.
1908 ല്‍ സ്ഥാപിതമായ കല്‍ക്കട്ട സ്റ്റോക്ക് എക്‌സ്‌ചേയ്ഞ്ച് ഒരിക്കല്‍ ബി എസ് ഇയുടെ ശക്തനായ എതിരാളിയായിരുന്നു. ശക്തമായ ട്രേയ്ഡ് വോളിയം ഉണ്ടായിരുന്ന എക്‌സ്‌ചേയ്ഞ്ചിന്റെ വിധി മാറ്റി എഴുത്തിയത് കേതന്‍ പരേഖിന്റെ തട്ടിപ്പാണ്. വിപണിയില്‍ 120 കോടി രൂപയുടെ തട്ടിപ്പില്‍ എക്‌സ്‌ചേയ്ഞ്ചിന്റെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ച്ച നിക്ഷേപകര്‍ക്കിടയിലുണ്ടായ വിശ്വാസം നഷ്ടപ്പെടുത്തി. തുടര്‍ന്ന് പതിയെ എക്‌സ്‌ചേഞ്ചിലെ ട്രെയ്ഡിങ് പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു. ഇതോടെ 2013 ആയപ്പോഴേക്കും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കാന്‍ സെബി നിര്‍ദേശിക്കുകയും സസ്പെന്‍ഡ് ചെയുകയും ചെയ്തു.
സെബിയുടെ സസ്‌പെന്‍ഷനെതിരെ കോടതിയില്‍ പോയെങ്കിലും 2024 ഡിസംബറില്‍ നിലനിന്നിരുന്ന എല്ലാ കേസുകളും പിന്‍വലിക്കാനും സ്വമേധയാ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാനും സി എസ് ഇ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 18 നു ഇതിനുള്ള ആപ്പ്‌ളിക്കേഷന്‍ സെബിക്ക് മുന്‍പായി ഔദ്യോഗികമായി സമര്‍പ്പിച്ചു. എക്‌സ്‌ചേയ്ഞ്ചില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാര്‍ക്കു വോളണ്ടറി റിട്ടയര്‍മെന്റ് നല്‍കുകയും 20.95 കോടി രൂപ നല്കാന്‍ തീരുമാനിക്കുകയും ചെയ്തു.
റീജിണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ യുഗമാണ് സി എസ് ഇയുടെ അന്ത്യത്തോടെ സംഭവിക്കുന്നത്. ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് രംഗത്ത് നിര്‍ണായകമായ സ്ഥാനം വഹിച്ച എക്‌സ്‌ചേയ്ഞ്ചില്‍ 1749 കമ്പനികള്‍ ലിസ്റ്റ് ചെയപെട്ടിരുന്നു. കൂടാതെ 650 രജിസ്റ്റേര്‍ഡ് ട്രെയ്ഡിങ് മെമ്പറുകളും ഉണ്ടായിരുന്നു.