കോഴിക്കോട്: ഐ.എസ്.ഒയും എം.വി.ആര്‍ കാന്‍സര്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കാന്‍കോണ്‍ അന്താരാഷ്ട്ര സെമിനാറിന്റെ രണ്ടാം ദിവസം കാന്‍സര്‍ ചികിത്സയിലെ വിവിധ വശങ്ങളെകുറിച്ച് ചര്‍ച്ചകള്‍ നടന്നു. ഒരിക്കല്‍ ചികിത്സിച്ചു ഭേദമാക്കിയശേഷം വീണ്ടും രോഗം വന്നാല്‍ എങ്ങനെ ഫലപ്രദമായി രോഗമുക്തി സാധ്യമാക്കാം എന്നതാണ് ഈ വര്‍ഷത്തെ കാന്‍കോണിന്റെ പ്രധാന പ്രമേയം. വിഷയത്തില്‍ ഇംഗ്ലണ്ട്, അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്നും വന്ന വിദഗ്ധ ഡോക്ടര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
രക്താര്‍ബുദത്തിന് ഫലപ്രദമായ ചികിത്സ എന്നനിലയില്‍ മജ്ജ മാറ്റിവെക്കലാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്നാല്‍ രോഗിക്ക് അനുയോജ്യമായ മജ്ജ ലഭിക്കുന്നതിലെ പ്രയാസങ്ങളാണ് ചികിത്സയിലെ പ്രധാന വെല്ലുവിളി. അച്ഛനമ്മമാരുടെ മജ്ജ പോലും പകുതിമാത്രമാണ് രോഗിക്ക് ചേരുകയുള്ളു. സഹോദരങ്ങളുടെതാണ് അനുയോജ്യം. ഇത് ലഭിക്കാതിരിക്കുമ്പോള്‍ പുറത്തുനിന്നുള്ളവരുടെ ചേരുന്ന മജ്ജക്കായുള്ള കാത്തിരിപ്പാണ് ചികിത്സയിലെ വെല്ലുവിളിയാകുന്നത്. ഇത് ഫലപ്രദമായി നേരിടാന്‍ പകുതി ചേരുന്ന മജ്ജ മാറ്റിവെക്കുന്നതിനെകുറിച്ചും അതിന്റെ വിജയത്തെകുറിച്ചും ചര്‍ച്ചകള്‍ നടന്നു. മജ്ജ മാറ്റിവെക്കലിനുശേഷവും രക്താര്‍ബുദം പിടിപെടുന്നവര്‍ക്ക് വിദേശങ്ങളില്‍മാത്രം ലഭിക്കുമായിരുന്ന കാര്‍ടിസെല്‍ ചികിത്സ ഇപ്പോള്‍ ചിലവുകുറഞ്ഞ രീതിയില്‍ ഇന്ത്യയിലും ലഭ്യമാണ്. ഈ ചികിത്സാരീതി എങ്ങിനെ ഫലപ്രദമായി രോഗികളില്‍ ഉപയോഗിക്കാം എന്നതിനെകുറിച്ചും വിശദമായ ചര്‍ച്ച കാന്‍കോണില്‍ നടന്നു.