കാരിഫോര്‍ ഗള്‍ഫ് മേഖല വിടുന്നു?, ബഹ്റൈന് പിന്നാലെ കുവൈത്തിലെയും പ്രവര്‍ത്തനം അവസാനിപ്പിച്ചു

മിഡില്‍ ഈസ്റ്റില്‍ കാരിഫോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് നേടിയിട്ടുള്ള ദുബൈ ആസ്ഥാനമായുള്ള മാജിദ് അല്‍ ഫുട്ടൈം (എം എ എഫ്) എന്ന ഗ്രൂപ്പ് ആണ്. എന്ത് കൊണ്ടാണ് കാരിഫോര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ അവര്‍ തയ്യറായിട്ടില്ല

author-image
Biju
New Update
caree

കുവൈത്ത് സിറ്റി: ഫ്രഞ്ച് റീട്ടെയ്ല്‍ കമ്പനി ആയ കാരിഫോര്‍ കുവൈത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു എന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബഹ്റൈനിലെ പ്രവര്‍ത്തനവും കമ്പനി അവസാനിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു എന്ന് കാരിഫോര്‍ സാമൂഹിക മാധ്യമത്തില്‍ പങ്ക് വെച്ച കുറിപ്പില്‍ പറയുന്നു.

മിഡില്‍ ഈസ്റ്റില്‍ കാരിഫോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് നേടിയിട്ടുള്ള ദുബൈ ആസ്ഥാനമായുള്ള മാജിദ് അല്‍ ഫുട്ടൈം (എം എ എഫ്) എന്ന ഗ്രൂപ്പ് ആണ്. എന്ത് കൊണ്ടാണ് കാരിഫോര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ അവര്‍ തയ്യറായിട്ടില്ല.

കാരിഫോറിന് പകരം ഹൈപ്പര്‍മാക്‌സ് എന്ന റീട്ടെയ്ല്‍ കമ്പനി ബഹ്റൈനില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ പിന്തുണയോടെ ബഹ്റൈനില്‍ ഹൈപ്പര്‍മാക്‌സ് ഇതിനകം ആറ് ഔട്ട്ലെറ്റുകള്‍ തുറന്നിട്ടുണ്ട്. 1,600 ല്‍ അധികം ആളുകള്‍ ആണ് ഇവിടെ ജോലി ചെയ്യുന്നത്. കുവൈത്തിലും സമാനമായ രീതിയില്‍ ഹൈപ്പര്‍മാക്‌സ് സ്റ്റോറുകള്‍ തുറക്കുമെന്നാണ് വിലയിരുത്തല്‍.

കാരിഫോര്‍ ഗള്‍ഫ് മേഖല വിടുന്നു എന്നതിന്റെ സൂചനയായി ആണ് ഈ രണ്ട് രാജ്യങ്ങളിലെയും പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ജോര്‍ദാനിലും ഒമാനിലും നേരത്തെ കാരിഫോര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇനി യു എ ഇയിലെ പ്രവര്‍ത്തനവും കമ്പനി അവസാനിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ റീട്ടെയ്ല്‍ രംഗത്തെ സാധ്യതകള്‍ ലക്ഷ്യമിട്ട് കാരിഫോര്‍ ഇന്ത്യയിലേക്ക് എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദുബൈയില്‍ അപ്പാരല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുക. തുടക്കത്തില്‍ ഉത്തരേന്ത്യയില്‍ സ്റ്റോര്‍ ആരംഭിക്കുകയും അടുത്ത ഘട്ടത്തില്‍ കാരിഫോര്‍ കേരളത്തിലും സ്റ്റോറുകള്‍ തുറക്കുമെന്ന് അപ്പാരല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ മേധാവി നിലേഷ് വേദ് പറഞ്ഞിരുന്നു.