പ്രതീകാത്മക ചിത്രം
മുംബൈ: സ്വര്‍ണശേഖരം ഉയര്‍ത്താന്‍ പദ്ധതിയിട്ട് കേന്ദ്രബാങ്കുകള്‍. അടുത്ത അഞ്ചുവര്‍ഷത്തിനകം ലോകത്തെ വിവിധ കേന്ദ്രബാങ്കുകളുടെ കരുതല്‍ ശേഖരത്തില്‍ പ്രധാന ഇനമായി സ്വര്‍ണം മാറുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അറിയിച്ചു. കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണിത്.
കഴിഞ്ഞ രണ്ടുവര്‍ഷവും കേന്ദ്രബാങ്കുകള്‍ റെക്കോഡ് നിലയിലാണ് സ്വര്‍ണം വാങ്ങിക്കൂട്ടിയത്. ഈ വര്‍ഷവും ഇതു തുടരും. ലോകത്തെ എഴുപതോളം കേന്ദ്രബാങ്കുകളിലായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യു.ജി.സി.) നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എഴുപതു കേന്ദ്രബാങ്കുകളില്‍ 30 ശതമാനം വരെ (21 എണ്ണം) ഈവര്‍ഷം കൂടുതല്‍ സ്വര്‍ണം കരുതല്‍ശേഖരത്തിലേക്കു സ്വരുക്കൂട്ടാന്‍ പദ്ധതിയിടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. 2023-ല്‍ വിവിധ കേന്ദ്രബാങ്കുകള്‍ ചേര്‍ന്ന് 1,037 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. 2022-ല്‍ 1082 ടണ്ണും. റെക്കോഡ് നിലവാരമാണിത്. ഇതാണ് 2024-ല്‍ സ്വര്‍ണവില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറാന്‍ കാരണമായിരിക്കുന്നതെന്നും ഡബ്ല്യു.ജി.സി. പറയുന്നു.