മുംബൈ: വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയിട്ട് കുറേക്കൂടി ഉയര്‍ന്നു. പക്ഷെ പെട്ടെന്ന് തന്നെ ഇടിഞ്ഞു. 23,596 വരെ കയറിയ നിഫ്റ്റി 23,450നു താഴേക്കു വീണു. പിന്നീടു കയറിയിറങ്ങി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സെന്‍സെക്സ് 77,350 നും നിഫ്റ്റി 23,420 നും താഴെയാണ്.
ബാങ്ക്, ധനകാര്യ, റിയല്‍റ്റി മേഖലകള്‍ രാവിലെ മുതല്‍ ഇടിവിലാണ്. ബാങ്ക് നിഫ്റ്റി 49,000ലേക്കു താഴ്ന്നു. മിഡ് ക്യാപ് സൂചിക ഒന്നര ശതമാനത്തിലധികം ഇടിഞ്ഞു. ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഐടി ഓഹരികള്‍ രാവിലെ മൂന്നു ശതമാനം വരെ കയറി. നിഫ്റ്റി ഐടി സൂചിക രണ്ടര ശതമാനത്തിലധികം ഉയര്‍ന്നു.
കുറച്ചു ദിവസമായി താഴുന്ന കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി ഇടിവിലാണ്. അദാനി വില്‍മറിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില്‍ക്കാന്‍ നടപടി തുടങ്ങിയതോടെ ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. രൂപ ദുര്‍ബലമായാണു വ്യാപാരം തുടങ്ങിയത്. ഡോളര്‍ മൂന്നു പൈസ കൂടി 85.88 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ തുടരുന്നു. ബ്രെന്റ് ഇനം 77.14 ഡോളറിലായി.