ഊബര്‍ ഓട്ടോയില്‍ പണം  ഇനി നേരിട്ട് നല്‍കണം

ഓട്ടോ ഡ്രൈവര്‍ക്ക് യാത്രക്കാരന്‍ നല്‍കിയ തുക ഒരുകാരണവശാലും റീഫണ്ട് ചെയ്യാനാകില്ല. യാത്രയുടെ ഗുണനിലവാരം, പരാതികള്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇനി ഊബര്‍ ഇടപെടില്ല. യാത്രക്കാരന്‍ നടത്തിയ പേയ്‌മെന്റ് വിവരങ്ങള്‍ ഊബര്‍ നിരീക്ഷിക്കില്ല.

author-image
Athira Kalarikkal
New Update
uber auto

Representational Image

ന്യൂഡല്‍ഹി: ഊബര്‍ വഴി ഓട്ടോറിക്ഷ വിളിക്കുന്നവര്‍ ഇനി ഡ്രൈവര്‍ക്ക് നേരിട്ട് കൂലി നല്‍കണം. ഇതുവരെ ഊബര്‍ ആപ് വഴിയും പണമടയ്ക്കാമായിരുന്നു. ഇനി യാത്രയ്‌ക്കൊടുവില്‍ ഡ്രൈവര്‍ക്ക് പണമായോ യുപിഐ വഴിയോ കൂലി നല്‍കണം.ഓട്ടോ യാത്രകളിലെ കൂലിയില്‍ നിന്ന് ഊബര്‍ കമ്മിഷന്‍ ഈടാക്കുന്നത് അവസാനിപ്പിച്ചതുമൂലമാണ് മാറ്റം. ഇനി മുതല്‍ ഡ്രൈവര്‍മാര്‍ ഒരു മാസം നിശ്ചിത തുക സബ്‌സ്‌ക്രിപ്ഷന്‍ ഫീസായി ഊബറിന് അടയ്ക്കണം. ഇതുവരെ ഓരോ യാത്രകള്‍ക്കു നിശ്ചിത കമ്മിഷനാണ് ഊബര്‍ എടുത്തിരുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഈ മാറ്റം. 

സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ പിന്തുടരുന്ന നമ്മ യാത്രി, റാപ്പിഡോ പോലെയുള്ള ഓട്ടോ ബുക്കിങ് പ്ലാറ്റ്‌ഫോമുകളുമായുള്ള കടുത്ത മത്സരം മൂലമാണ് കമ്മിഷന്‍ മോഡല്‍' ഊബര്‍ അവസാനിപ്പിച്ചത്.യാത്രക്കാരനെയും ഡ്രൈവറെയും ബന്ധിപ്പിക്കുന്ന ഉത്തരവാദിത്തം മാത്രമേ ഇനി ഊബറിനുണ്ടാകൂ. ആപ്പില്‍ കാണിക്കുന്ന തുക തന്നെ ഈടാക്കണമെന്നു നിര്‍ബന്ധവുമില്ല. ഓട്ടോറിക്ഷ യാത്രകള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. 

മാറ്റങ്ങള്‍

ഓട്ടോ ഡ്രൈവര്‍ക്ക് യാത്രക്കാരന്‍ നല്‍കിയ തുക ഒരുകാരണവശാലും റീഫണ്ട് ചെയ്യാനാകില്ല 

യാത്രയുടെ ഗുണനിലവാരം, പരാതികള്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇനി ഊബര്‍ ഇടപെടില്ല.

യാത്രക്കാരന്‍ നടത്തിയ പേയ്‌മെന്റ് വിവരങ്ങള്‍ ഊബര്‍ നിരീക്ഷിക്കില്ല.

ഊബറിലെ കാഷ്ബാക്ക് അടക്കമുള്ളവ ഓട്ടോ യാത്രകള്‍ക്ക് ഇനി ഉപയോഗിക്കാനാവില്ല.

 

uber auto