/kalakaumudi/media/media_files/2025/08/14/bank-2-2025-08-14-20-56-53.jpg)
ന്യൂഡല്‍ഹി: ബാങ്കില്‍നിന്നു ചെക്ക് മാറിയെടുക്കുന്ന നടപടി വേഗത്തിലാക്കാനുള്ള പുതിയ സംവിധാനം ഒക്ടോബര്‍ 4 മുതല്‍ രണ്ടുഘട്ടമായി റിസര്‍വ് ബാങ്ക് നടപ്പാക്കും. നിലവില്‍ ചെക്ക് മാറി പണം ലഭിക്കാന്‍ കുറഞ്ഞത് 2 ദിവസമെടുക്കാറുണ്ട്.
ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം (സിടിഎസ്) വഴിയാണ് ഭൂരിഭാഗം ബാങ്ക് ശാഖകളും ചെക്ക് ക്ലിയറിങ് നടത്തുന്നത്. ഒരു ദിവസം ലഭിക്കുന്ന ചെക്കുകള്‍ ഒരുമിച്ച് (ബാച്ച് പ്രോസസിങ്) നിശ്ചിത സമയത്ത് സ്‌കാന്‍ ചെയ്ത് അയയ്ക്കുകയാണ് രീതി. ഇതിനു പകരം ബാങ്കില്‍ ചെക്ക് ലഭിക്കുന്ന മുറയ്ക്ക് തന്നെ സിടിഎസ് സംവിധാനം വഴി സ്‌കാന്‍ ചെയ്ത് അയയ്ക്കും. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പണം ലഭിക്കും.
നടപ്പാക്കല്‍ രണ്ടുഘട്ടമായി
ഒക്ടോബര്‍ 4 മുതല്‍ 2026 ജനുവരി 2 വരെ: ബാങ്കിന് വൈകിട്ട് 7 വരെ ചെക്ക് സ്വീകരിക്കണോ തള്ളണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാം.
2026 ജനുവരി 3 മുതല്‍: വൈകിട്ട് 7 വരെ ബാങ്കുകള്‍ക്ക് കാത്തിരിക്കാനാവില്ല. ക്ലിയറിങ് ഹൗസില്‍നിന്ന് ചെക്ക് ലഭിച്ചാല്‍ 3 മണിക്കൂറിനകം തീരുമാനമെടുത്തിരിക്കണം. ഉദാഹരണത്തിന് രാവിലെ പത്തിനും പതിനൊന്നിനും ഇടയിലെത്തിയ ചെക്കിന്റെ കാര്യം ഉച്ചയ്ക്ക് രണ്ടിനകം തീരുമാനിക്കണം.