/kalakaumudi/media/media_files/2025/12/21/cial-2025-12-21-09-31-35.jpg)
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) 2024-25 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 79.82 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറി. സിയാല്‍ ഡയറക്ടര്‍മാരായ മന്ത്രി പി. രാജീവ്, മന്ത്രി കെ. രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് 79.82 കോടി രൂപയുടെ ചെക്ക് കൈമാറിയത്. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസും സന്നിഹിതനായിരുന്നു.
സിയാലിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഉയര്‍ന്ന വരുമാനവും ലാഭവുമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത്. വരുമാനം 1,142 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ ലാഭം 489.84 കോടി രൂപയായിരുന്നു. ഇതില്‍ നിന്നുള്ള വിഹിതം 25 രാജ്യങ്ങളില്‍ നിന്നുള്ള 33,000 നിക്ഷേപകര്‍ക്ക് ലഭിക്കും.
സിയാലിലെ ഏറ്റവും വലിയ നിക്ഷേപകന്‍ സംസ്ഥാന സര്‍ക്കാരാണ്. 33.38 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. നിക്ഷേപകര്‍ക്കായി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്ത 50 ശതമാനം ലാഭവിഹിതം കഴിഞ്ഞ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചിരുന്നു.
യാത്രക്കാരില്‍ നിന്ന് യൂസര്‍ ഡവലപ്‌മെന്റ് ഫീസ് പിരിക്കാന്‍ തീരുമാനിച്ചതും വിമാനക്കമ്പനികളില്‍ നിന്നുള്ള എയ്‌റോനോട്ടിക്കല്‍ താരിഫ് വര്‍ധിച്ചതുമാണ് വരുമാനം കൂടാന്‍ കാരണം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 76,068 വിമാനങ്ങള്‍ കൊച്ചിയിലെത്തി. 31,820 അന്താരാഷ്ട്ര വിമാനങ്ങളും 44,248 ആഭ്യന്തര വിമാനങ്ങളും ഉള്‍പ്പെടെയാണിത്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തില്‍ (2023-24) 70,204 വിമാനങ്ങളാണ് ഇവിടെ എത്തിയത്. 8.36 ശതമാനം വര്‍ധന.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
