/kalakaumudi/media/media_files/2025/12/10/indigo-ceo-2025-12-10-08-34-59.jpg)
ന്യൂഡല്‍ഹി: പത്ത് ശതമാനം ഇന്‍ഡിഗോ സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദേശം നല്‍കിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു അറിയിച്ചു. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സണ്‍ മന്ത്രിയുടെ മുന്നില്‍ കൈകൂപ്പുന്ന ചിത്രം അടക്കമാണ് കേന്ദ്രനമന്ത്രിയുടെ ട്വീറ്റ്. സിഇഒയെ ഇന്നും മന്ത്രി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. അമിത നിരക്ക് വര്‍ദ്ധന തടയണം എന്നതടക്കമുള്ള നിര്‍ദേശങ്ങളില്‍ ഒരിളവും ഇന്‍ഡിഗോയ്ക്ക് നല്കില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്തി പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളില്‍ അടക്കം ഇളവ് വാങ്ങിയെടുത്ത ഇന്‍ഡിഗോയ്‌ക്കെതിരെ കര്‍ശന നടപടിയാണ് വ്യോമയാനമന്ത്രാലയം എടുക്കുന്നത്.
ആഭ്യന്തര വ്യോമയാന രംഗത്തെ ഇന്‍ഡിഗോയുടെ കുത്തകയാണ് സമാനതകളില്ലാത്ത പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇന്ത്യയ്ക്കകത്തെ അറുപത് ശതമാനം റൂട്ടുകളില്‍ ഇന്‍ഡിഗോ മാത്രം സര്‍വ്വീസ് നടത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മറികടക്കാനാണ് പത്തു ശതമാനം സര്‍വ്വീസുകള്‍ മറ്റു വിമാനങ്ങള്‍ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കം. മര്യാദയ്ക്ക് സര്‍വ്വീസ് നടത്തികൊണ്ടു പോകാന്‍ ഇന്‍ഡിഗോയ്ക്ക് കഴിയുന്നില്ലെന്ന് വ്യോമയാനമന്ത്രാലയം നല്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. നവംബറില്‍ സര്‍ക്കാര്‍ അംഗീകരിച്ച സര്‍വ്വീസുകള്‍ മുഴുവന്‍ നടത്താന്‍ ഇന്‍ഡിഗോയ്ക്കായില്ലെന്നും ഉത്തരവ് പറയുന്നു. യാത്രക്കാരെ പ്രതിസന്ധിയിലാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു ലോക്‌സഭയില്‍ വ്യക്തമാക്കി.
ഇന്ന് 138 ഇടങ്ങളില്‍ നിന്നായി 1800 സര്‍വീസുകളും നാളെ 1900 സര്‍വീസുകളും നടത്തുന്നുണ്ട്. യാത്രക്കാകരുടെ ബാഗേജ് ഏതാണ്ട് തിരികെ നല്‍കിയിട്ടുണ്ട്. റീഫണ്ട് നടപടികള്‍ വേഗത്തിലാക്കിയെന്നും ഇന്‍ഡിഗോ അറിയിച്ചു. ഇന്‍ഡിഗോ എയയര്‍ലൈന്‍സിന്റെ ഓണ്‍ ടൈം പെര്‍ഫോര്‍മന്‍സ് ഇന്ന് 90 ശതമാനത്തിലധികം രേഖപ്പെടുത്തിയത് സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനയായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
