/kalakaumudi/media/media_files/2025/10/14/ship-2025-10-14-17-41-55.jpg)
കൊച്ചി: കേന്ദ്ര പൊതുമേഖല കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 2,000 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍. യൂറോപ്യന്‍ കമ്പനിയില്‍ നിന്നാണ് ആറ് ഫീഡര്‍ കണ്ടെയ്നര്‍ കപ്പുലകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്.
ഏകദേശം 1,700 ടണ്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതാണ് എല്‍.എന്‍.ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ കപ്പലുകളെന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയിരിക്കുന്ന ഫയലിംഗില്‍ പറയുന്നു.
കപ്പലുകള്‍ക്കായി താത്പര്യപത്രം ഒപ്പു വച്ചു. സാങ്കേതിക-വാണിജ്യ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ഔദ്യോഗിക കരാര്‍ ഉടന്‍ ഒപ്പുവെയ്ക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു. മൊത്തം 2,000 കോടി രൂപയാണ് പ്രോജക്ടിന്റെ മൂല്യം കണക്കാക്കുന്നത്.
സെപ്റ്റംബര്‍ 17ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ഒ.എന്‍.ജി.സിയില്‍ നിന്ന് 200 കോടി രൂപയുടെ കരാര്‍ ലഭിച്ചിരുന്നു. ഡ്രൈഡോക്ക്/ജാക്ക് അപ് റിഗുകളുടെ അറ്റകുറ്റപ്പണികള്‍ക്കായിരുന്നു കരാര്‍.
അതിനു മുന്‍പ് ജൂണില്‍ ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കമ്പനികളിലൊന്നായ എച്ച്ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് ഓഫ് ഷോര്‍ എന്‍ജിനീയറിംഗുമായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് കരാര്‍ ഒപ്പു വച്ചിരുന്നു. ഹ്യുണ്ടായി ഹെവി ഇന്‍ഡസ്ട്രീസ്, ഹ്യുണ്ടായ് സാംഹൊ ഹെവി ഇന്‍ഡസ്ട്രീസ് തുടങ്ങിയവ ഉള്‍പ്പെടെ ലോകത്തിലെ പ്രമുഖ ഷിപ്പ്യാര്‍ഡുകളുടെ ഉടമസ്ഥരാണ് കെ.എസ്.ഒ.ഇ
യു.കെ ആസ്ഥാനമായുള്ള ഓഫ്ഷോര്‍ റിന്യുവബ്ള്‍ ഓപ്പറേറ്ററായ നോര്‍ത്ത് സ്റ്റാര്‍ ഷിപ്പിംഗുമായി വിന്‍ഡ്ഫാമിലെ ആവശ്യങ്ങള്‍ക്കായുള്ള ഹൈബ്രിഡ് യാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കരാറും കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ലഭിച്ചിട്ടുണ്ട്.
2025 ജൂണ്‍ പാദം വരെയുള്ള കണക്കനുസരിച്ച് മാത്രം 21,100കോടി രൂപയുടെ ഓര്‍ഡറുകള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ കൈവശമുണ്ട്. ഹൂഗ്ലി, ഉഡുപ്പി എന്നീ ഉപകമ്പനികളുടേത് ഉള്‍പ്പെയുള്ള കരാറുകളാണിത്.
പുതിയ കരാര്‍ ലഭിച്ചത് ഇന്നലെ ഓഹരികളില്‍ ചെറിയ മുന്നേറ്റത്തിന് ഇടയാക്കി. ഒരു ശതമാനത്തിലധികം ഉയര്‍ന്ന് 1,780 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. നിലവില്‍ 46,846 കോടി രൂപയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ വിപണി മൂല്യം. നിലവില്‍ വിപണിമൂല്യത്തില്‍ കേരള കമ്പനികളില്‍ മൂന്നാം സ്ഥാനത്താണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡ്. 1.29 ലക്ഷം കോടിയുമായി മുത്തൂറ്റ് ഫിനാന്‍സാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് 56,389 കോടി രൂപയുമായി ഫാക്ട് ആണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 ശതമാനവും ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 13 ശതമാനവും നേട്ടമാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്.