cochin shipyard
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 60 മില്യണ്‍ യൂറോയുടെ (ഏകദേശം 540 കോടി രൂപ) പുതിയ ഓര്‍ഡര്‍. യുകെയില്‍ നിന്നാണ് പുതിയ ഓര്‍ഡര്‍ എത്തിയിരിക്കുന്നത്. ഓഫ്ഷോര്‍ പുനരുപയോഗ ഓപ്പറേറ്റര്‍മാരും ബ്രിട്ടീഷ് കമ്പനിയുമായ നോര്‍ത്ത് സ്റ്റാറിന് ഇരട്ട ഇന്ധനത്തില്‍ (ഹൈബ്രിഡ്) പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസ്സല്‍സ് നിര്‍മ്മിച്ച് നല്‍കാനുള്ള ഓര്‍ഡറാണ് ലഭിച്ചതെന്ന് കൊച്ചിന്‍ ഷിപ്പ്യാഡ് വ്യക്തമാക്കി.
ഇംഗ്ലണ്ടിലെ സഫക് കോസ്റ്റല്‍ പ്രദേശത്തെ കാറ്റാടിപ്പാടത്ത് ഉപയോഗിക്കാനാണ് എസ്.ഒ.വികള്‍ വാങ്ങുന്നത്. രണ്ടോ അതിലധികോ വെസലുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കാനുള്ള വ്യവസ്ഥയും കൊച്ചിന്‍ ഷിപ്പ്യാഡുമായുള്ള കരാറിലുണ്ട്. ആഗോളതലത്തില്‍ പുനരുപയോഗ ഊര്‍ജത്തിന് പ്രസക്തിയേറുന്ന പശ്ചാത്തലത്തിലാണ് ഹൈബ്രിഡ് എസ്.ഒ.വികളും ശ്രദ്ധനേടുന്നത്.
ബ്രിട്ടീഷ് കമ്പനിയുമായുള്ള കരാര്‍പ്രകാരം കൊച്ചിന്‍ ഷിപ്പ്യാഡ് നിര്‍മ്മിക്കുന്ന ഹൈബ്രിഡ് എസ്.ഒ.വിക്ക് നീളം 85 മീറ്ററായിരിക്കും. നോര്‍വേ ആസ്ഥാനമായ വാര്‍ഡ് എ.എസ് എന്ന കമ്പനിയാണ് വെസ്സലിന്റെ രൂപകല്‍പന നിര്‍വഹിക്കുന്നത്. 4 ഡീസല്‍ ജനറേറ്ററുകള്‍ക്ക് പുറമേ വലിയ ലിഥിയം ബാറ്ററി പായ്ക്കോട് കൂടിയ ഹൈബ്രിഡ് എന്‍ജിന്‍ സംവിധാനമാണ് വെസ്സലിനുണ്ടാവുക. ആധുനിക സംവിധാനങ്ങളോടെ സജ്ജമാക്കുന്ന വെസ്സലിന് 80 ടെക്നീഷ്യന്മാരെ ഉള്‍ക്കൊള്ളാനാകും.