ന്യൂഡല്‍ഹി : പാമോയില്‍ അടക്കമുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനു പിന്നാലെ വില വര്‍ധിപ്പിച്ച് ഭക്ഷ്യഎണ്ണ കമ്പനികള്‍. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി തിരുവ കഴിഞ്ഞ മാസം 14നാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മിക്ക കമ്പനികളും ആവശ്യത്തിലധികം ഭക്ഷ്യഎണ്ണകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
അടുത്ത ദിവസം തന്നെ പാമോയില്‍, സൂര്യകാന്തി ഉള്‍പ്പടെയുള്ളവയ്ക്ക് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചു. നികുതി വര്‍ധിപ്പിക്കുന്നതിന് മുന്‍പ് സ്റ്റോക്ക് ചെയ്ത എണ്ണയാണ് വിവിധ ഉല്‍പ്പന്നങ്ങളാക്കി വില കൂട്ടി വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നാണ് ഭക്ഷ്യ മേഖലയിലുള്ളവരുടെ ആക്ഷേപം. ഭക്ഷ്യഎണ്ണകള്‍ക്ക് വീല കൂടിയതിന് പിന്നാലെ ബേക്കറി ഉത്പ്പന്നങ്ങള്‍ക്കും വില കൂടും.
മുന്നറിയിപ്പ് അവഗണിച്ചു
ഭക്ഷ്യഎണ്ണകളുടെ വില വര്‍ധിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുമ്പ് ഇറക്കുമതി ചെയ്ത എണ്ണയുടെ വില വര്‍ധിപ്പിക്കുന്നത് ശരിയല്ലെന്നും ഉത്സവകാലത്ത് വിലവര്‍ധന വരുത്തരുതെന്നുമായിരുന്നു ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഈ ഉത്തരവ് അവഗണിച്ച് ലിറ്ററിന് 8 മുതല്‍ 22 രൂപ വരെ കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. റിഫൈന്‍ഡ് ഓയിലുകള്‍ക്ക് നേരത്തെ 5.5 ശതമാനം ആയിരുന്ന ഇറക്കുമതി തിരുവയാണ് കാര്‍ഷിക സെസും സാമൂഹ്യക്ഷേമ സര്‍ചാര്‍ജും സഹിതം 27.5 ശതമാനമായി വര്‍ധിപ്പിച്ചത്. അതേപോലെ അണ്‍ റിഫൈന്‍ഡ് ഓയിലുകള്‍ക്ക് ഇറക്കുമതി തീരുവ 13.75 ശതമാനത്തില്‍ നിന്ന് 35.75 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.