ഇന്ധനത്തിന് പുതിയ ഡിസ്‌കൗണ്ടുമായി സൗദി, ഇന്ത്യയ്ക്ക് നേട്ടമാകും

നിലവില്‍ ജനുവരിയില്‍ സപ്ലൈ ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയാണ് സൗദി കുറച്ചിരിക്കുന്നത്. ഒമാന്‍/ദുബായ് ബെഞ്ച്മാര്‍ക്ക് നിരക്കുകളേക്കാള്‍ ബാരലിന് 0.60 ഡോളറിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്

author-image
Biju
New Update
saudi crude oil

റിയാദ്:ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന്റെ വില കുറച്ച് സൗദി അറേബ്യ. അറബ് ലൈറ്റ് ക്രൂഡ് ഗ്രേഡിന്റെ വിലയാണ് ഔദ്യോഗികമായി കുറച്ചത്. ഒരു ബാരലിന് 60 സെന്റുകള്‍ എന്ന തോതിലാണ് നിരക്ക് താഴ്ത്തിയത്. 5 വര്‍ഷത്തെ താഴ്ന്ന വിലയാണിത്. ആഗോള ക്രൂഡ് ഓയില്‍ വിപണിയില്‍ അധിക ലഭ്യത ഉണ്ടായതിനെ തുടര്‍ന്നാണിത്. റഷ്യന്‍ ഇന്ധനത്തില്‍ നിന്ന ഇന്ത്യയും, ചൈനയും താല്‍ക്കാലികമായെങ്കിലും ചുവടു മാറിയ സാഹചര്യത്തില്‍ കൂടിയാണ് സൗദിയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

നിലവില്‍ ജനുവരിയില്‍ സപ്ലൈ ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയാണ് സൗദി കുറച്ചിരിക്കുന്നത്. ഒമാന്‍/ദുബായ് ബെഞ്ച്മാര്‍ക്ക് നിരക്കുകളേക്കാള്‍ ബാരലിന് 0.60 ഡോളറിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്

യു.എസ് ഉപരോധവും, റഷ്യന്‍ ഇന്ധനവും

ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഉള്‍പ്പെടുന്ന റഷ്യയുടെ റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം 2025 നവംബര്‍ 21 മുതല്‍ നിലവില്‍ വന്നു. ഇതോടെ വരുന്ന മാസങ്ങളില്‍ ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഇറക്കുമതി രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഇന്ത്യയും, ചൈനയും റഷ്യന്‍ ക്രൂഡ് പര്‍ച്ചേസ് കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യയും, ക്രൂഡ് ഓയിലും

പരമ്പരാഗതമായി ഇന്ത്യയ്ക്ക് ഏറ്റവുമധികം ക്രൂഡ് ഓയില്‍ സപ്ലൈ ചെയ്തിരുന്ന രാജ്യമാണ് സൗദി. ഇന്ത്യ റഷ്യന്‍ ഇന്ധന പര്‍ച്ചേസ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചപ്പോഴും സൗദി അടക്കമുള്ള മധ്യപൂര്‍വ ദേശത്തെ പരമ്പരാഗത സപ്ലൈയേഴ്‌സില്‍ നിന്ന് ഇന്ധന ഇറക്കുമതി തുടരാനും ശ്രദ്ധിച്ചിരുന്നു.

നിലവില്‍ സൗദി അറേബ്യ ക്രൂഡ് ഓയിലിന്റെ നിരക്ക് കുറച്ചത് റഷ്യന്‍ ഇന്ധന ഇറക്കുമതി കുറച്ച ഇന്ത്യയെ സംബന്ധിച്ച് നേട്ടമായി മാറും. അതേ സമയം റഷ്യന്‍ ഇന്ധനത്തിന് ലഭിച്ചു കൊണ്ടിരുന്ന ഡിസ്‌കൗണ്ട് നേട്ടം സൗദി ക്രൂഡില്‍ നിന്ന് ലഭിക്കുകയില്ല എന്ന യാഥാര്‍ത്ഥ്യവും നില നില്‍ക്കുന്നു.