/kalakaumudi/media/media_files/2025/01/21/L6SJyCyFPv91NXfBor43.jpg)
Representational Image
ന്യൂഡല്‍ഹി: യു.എസ് എണ്ണയുത്പാദനം കൂട്ടുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ്. ബ്രെന്റ് ക്രൂഡ് ഓയില്‍ നിലവില്‍ (ഉച്ചക്ക് 12 മണിക്ക്) 80 ഡോളറിന് താഴെയാണ് വ്യാപാരം നടക്കുന്നത്. യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് ഓയില്‍ 83.36 ഡോളറിലും ഡബ്ല്യൂ.ടി.ഐ ക്രൂഡ് 77.24 ഡോളറിലുമാണ് വ്യാപാരം. അതേസമയം, ഫെബ്രുവരിയിലെ ക്രൂഡ് ഓയില്‍ ഫ്യൂച്ചര്‍ 6,650 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസം 6,613 രൂപയില്‍ ക്ലോസ് ചെയ്ത ശേഷമായിരുന്നു വില കയറിയത്. മാര്‍ച്ചിലെ ഫ്യൂച്ചേഴ്സ് വ്യാപാരം 6,590 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രാജ്യത്തിന്റെ ഊര്‍ജ്ജ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 2024ല്‍ പ്രതിദിനം 1.3 കോടി ബാരല്‍ ക്രൂഡ് ഓയിലാണ് യു.എസില്‍ ഉത്പാദിപ്പിച്ചിരുന്നത്.
ട്രംപിന്റെ പ്രഖ്യാപനത്തോടെ ഇത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, യു.എസ് എണ്ണയുത്പാദനം കൂട്ടുന്നത് വിപണിക്ക് കൂടുതല്‍ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. ഉത്പാദനം കുറക്കാനുള്ള ഒപെക് തീരുമാനവും റഷ്യന്‍ എണ്ണക്കുള്ള വിലക്കും കാരണം വിപണിയിലേക്കുള്ള ക്രൂഡ് ഓയില്‍ വരവ് നിലവില്‍ കുറഞ്ഞിരിക്കുകയാണ്.