/kalakaumudi/media/media_files/i6YCSt8UEEPXkdBUULKv.jpeg)
ന്യൂഡൽഹി: 2030-ഓടെ ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 30 കോടിയായി ഉയരുമെന്ന് സിവിൽ വ്യോമയാനമന്ത്രി കെ. റാംമോഹൻ നായിഡു. വിമാനത്താവളങ്ങൾ വികസിപ്പിക്കാൻ 1100 കോടി ഡോളർ (92,395 കോടി രൂപ) ചെലവിടേണ്ടി വരും. ന്യൂഡൽഹിയിൽ ഫ്രഞ്ച് എയ്റോസ്‌പെയ്സ് ഇൻഡസ്ട്രീസ് അസോസിയേഷൻ നടത്തിയ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സുസ്ഥിര വിമാന ഇന്ധനവിതരണശൃംഖല ആഗോളതലത്തിൽ വികസിപ്പിക്കാൻ ഇന്ത്യക്കും ഫ്രാൻസിനും യോജിച്ചുപ്രവർത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.ഇക്കൊല്ലം മേയ്‌വരെയുള്ള കണക്കനുസരിച്ച് 13.89 കോടിയാണ് ഇന്ത്യയെ ആഭ്യന്തരവിമാനയാത്രക്കാരുടെ എണ്ണം. ഹെലിപോർട്ടുകളും വാട്ടർഡ്രോമുകളുമുൾപ്പെടെ 157 വിമാനത്താവളങ്ങളാണ് നിലവിൽ ഇന്ത്യയിലുള്ളത്. അടുത്ത 20-25 വർഷംകൊണ്ട് 200 വിമാനത്താവളങ്ങൾകൂടി വികസിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)