പട്ടിണി രാജ്യങ്ങള്‍ക്കും പ്രഹരമേല്‍പ്പിച്ച് ട്രംപ്

ഇന്ത്യ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ രോഷം അടക്കാന്‍ ചില ഇനങ്ങളുടെ ഇറക്കുമതി ചുങ്കം ഇന്ത്യ കുറച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള കൂടുതല്‍ ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറച്ചും ആയുധങ്ങളും എണ്ണയും കൂടുതല്‍ വാങ്ങിയും ട്രംപിനെ മെരുക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക.

author-image
Biju
New Update
donalad trump

വാഷിങ്ടണ്‍: യു.എസ് ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ തത്തുല്യ ചുങ്കം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കു മേല്‍ ചുമത്തിയിരിക്കുന്നത് 26 ശതമാനം തത്തുല്യ ചുങ്കമാണ്. ചൈനയ്ക്കു മേല്‍ 36 ശതമാനം, ബംഗ്ലാദേശിന് 37 ശതമാനം, ശ്രീലങ്കയ്ക്ക് 44 ശതമാനം, പാക്കിസ്ഥാന് 29 ശതമാനം എന്നിങ്ങനെയാണ് ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ക്കു മേലുള്ള പ്രതികാര മനോഭാവത്തോടെയുള്ള ചുങ്കം.

യു.എസിലേക്ക് ഏതു രാജ്യത്തു നിന്നുമുള്ള കയറ്റുമതിക്കും 10 ശതമാനം ചുങ്കം ഈടാക്കും. ഇത് ഏപ്രില്‍ അഞ്ചു മുതല്‍ നിലവില്‍ വരും. ഇന്ത്യയ്ക്കുള്ള അധികനികുതി ഏപ്രില്‍ പത്തു മുതലാകും ചുമത്തുക.

ഇന്ത്യന്‍ സമയം വ്യാഴാഴ്ച്ച പുലര്‍ച്ചെ 1.30നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടന്ന പ്രത്യേക ചടങ്ങളിലാണ് ആഗോള സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കാവുന്ന പ്രഖ്യാപനം നടത്തിയത്. തങ്ങള്‍ക്കു മേല്‍ ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്ന സൂചനയും പ്രഖ്യാപന ചടങ്ങില്‍ ട്രംപില്‍ നിന്നുണ്ടായി.

യു.എസിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന രാജ്യങ്ങള്‍ക്ക് നികുതിയില്‍ ഇളവുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. നികുതി പ്രഖ്യാപനത്തിനിടെ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരാമര്‍ശിക്കാനും ട്രംപ് മറന്നില്ല. ഇന്ത്യ നികുതി കാര്യത്തില്‍ വളരെയധികം കടുപ്പമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോദി തന്റെ അടുത്ത സുഹൃത്താണ്. പക്ഷേ അദ്ദേഹവും ഇന്ത്യയും നികുതി കാര്യത്തില്‍ തങ്ങളെ (യു.എസിനെ) ശരിയായ രീതിയിലല്ല പരിഗണിക്കുന്നത്. അവര്‍ 52 ശതമാനം വരെ ഞങ്ങളുടെ മേല്‍ നികുതി ചുമത്തുന്നു. എന്നാല്‍ ഞങ്ങളോ തീരെ കുറച്ചും. ഇത് ശരിയല്ലെന്നും ട്രംപ് പറഞ്ഞു.
ചൈനയ്ക്കും ബംഗ്ലാദേശിനും തിരിച്ചടി

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തത്തുല്യ ചുങ്കം കുറവാണ്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനമാണ് ഇനിമുതല്‍ ഈടാക്കുക. ബംഗ്ലാദേശില്‍ നിന്നുള്ള ഇറക്കുമതിക്ക് ഇനിമുതല്‍ 37 ശതമാനം തീരുവ ഈടാക്കുക. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനോട് യു.എസിനുള്ള താല്പര്യക്കുറവ് ചുങ്കം ചുമത്തലിലും പ്രകടമാണ്.

ബംഗ്ലാദേശിന്റെ വിദേശനാണ്യ വരുമാനത്തിന്റെ 80 ശതമാനവും വരുന്നത് ഗാര്‍മെന്റ്സ് കയറ്റുമതിയിലൂടെയാണ്. ഈ കയറ്റുമതിയില്‍ ഭൂരിഭാഗവും യു.എസിലേക്കാണ്. കടുത്ത നികുതി വരുന്നതോടെ ബംഗ്ലാദേശിലെ ഗാര്‍മെന്റ്സ് വ്യവസായം അടിതെറ്റും. ഇപ്പോള്‍ തന്നെ ബംഗ്ലാദേശില്‍ നിന്ന് വലിയ തോതില്‍ ഗാര്‍മെന്റ്സ് കമ്പനികള്‍ ഇന്ത്യ, ഭൂട്ടാന്‍, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പറിച്ചുനടുകയാണ്. ഇതിന്റെ വേഗത കൂടാന്‍ സാധ്യതയുണ്ട്.

തത്തുല്യ നികുതിയില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ രോഷം അടക്കാന്‍ ചില ഇനങ്ങളുടെ ഇറക്കുമതി ചുങ്കം ഇന്ത്യ കുറച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള കൂടുതല്‍ ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറച്ചും ആയുധങ്ങളും എണ്ണയും കൂടുതല്‍ വാങ്ങിയും ട്രംപിനെ മെരുക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക.

കഴിഞ്ഞയാഴ്ച്ചത്തെ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ മ്യാന്മാറിനെയും ട്രംപ് താരിഫ് യുദ്ധത്തില്‍ വെറുതെ വിട്ടില്ല. 44 ശതമാനമാണ് മ്യാന്മാറില്‍ നിന്നുള്ള ഇറക്കുമതിക്ക് ചുമത്തുക. ഭൂകമ്പത്തില്‍ നാശനഷ്ടം നേരിട്ട തായ്വാനും 32 ശതമാനം നികുതി ചുമത്തും. ദാരിദ്രത്താല്‍ വലയുന്ന പല ആഫ്രിക്കാന്‍ രാജ്യങ്ങളും ട്രംപിന്റെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ദക്ഷിണ കിഴക്കന്‍ രാജ്യങ്ങളിലെ വലിയ സാമ്പത്തികശക്തിയായ ഇന്തോനേഷ്യയ്ക്ക് 32 ശതമാനമാണ് തത്തുല്യ നികുതി ചുമത്തിയിരിക്കുന്നത്.

donald trump