/kalakaumudi/media/media_files/2025/08/30/double-2025-08-30-22-16-15.jpg)
ന്യൂഡല്‍ഹി : മൂന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷം ഡല്‍ഹിയിലെ റോഡുകളിലേക്ക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ തിരിച്ചെത്തുന്നു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് പുതിയ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ നിരത്തിലിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) സംരംഭത്തിന് കീഴില്‍ അശോക് ലെയ്ലാന്‍ഡ് നിര്‍മ്മിച്ച് നല്‍കുന്ന ഇലക്ട്രിക് ബസുകള്‍ ആയിരിക്കും സര്‍വീസിനായി ഉപയോഗിക്കുക.
തലസ്ഥാനത്ത് ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഓടിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഡിടിസി) ഒരു പൈലറ്റ് പ്രോജക്റ്റ് തയ്യാറാക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തിരഞ്ഞെടുത്ത റൂട്ടുകളില്‍ ഉടന്‍ തന്നെ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
നഗരത്തില്‍ ബസുകള്‍ സുരക്ഷിതമായും ഫലപ്രദമായും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് ഗതാഗത മന്ത്രി പങ്കജ് സിംഗ് സൂചിപ്പിച്ചു. മരങ്ങള്‍, ഫ്‌ലൈഓവറുകള്‍, ഓവര്‍ബ്രിഡ്ജുകള്‍ എന്നിവയുടെ എല്ലാം ഉയരം കണക്കാക്കി ഇതിന്റെ അടിസ്ഥാനത്തില്‍ നഗരയാത്രയ്ക്കുള്ള റൂട്ടുകള്‍ നിശ്ചയിക്കുമെന്നാണ് സംസ്ഥാന ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്.