/kalakaumudi/media/media_files/2025/09/30/gold-2025-09-30-14-00-30.jpg)
ദുബായ്: സ്വര്‍ണവില ദുബായിലും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ആഗോള വിപണിയിലെ സാഹചര്യങ്ങളുടെ ചുവടു പിടിച്ചാണ് വിലയിലെ താഴ്ച ഉണ്ടായിരിക്കുന്നത്. 600 ദിര്‍ഹം എന്ന നിര്‍ണായക നിലവാരത്തിന് താഴെയെത്തിയിരിക്കുകയാണ് വില. കഴിഞ്ഞ ആഴ്ചയില്‍ ഭൂരിഭാഗം സമയത്തും ഈ നിലവാരത്തിന് മുകളിലായിരുന്ന വില ആഗോള ലാഭമെടുപ്പും ശാന്തമായ വ്യാപാര സാഹചര്യങ്ങളും കാരണം ഇടിവ് നേരിടുകയാണ്.
വ്യാപാരം തുടങ്ങിയപാടെ രാവിലെ 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 599.75 ദിര്‍ഹം ആയിരുന്നു വില, ഇന്നലത്തെ വിലയായ 607.50 ദിര്‍ഹത്തില്‍ നിന്ന് ഗണ്യമായി കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് 562.50 ദിര്‍ഹത്തില്‍ നിന്ന് 555.25 ദിര്‍ഹം ആയി ഇടിഞ്ഞു. ഇത് ആഗോള വില ചലനങ്ങളെ പ്രതിഫലിക്കുന്ന ഒരു തകര്‍ച്ചയാണെന്നതാണ് യാഥാര്‍ഥ്യം.
ആഗോളതലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 5000 ഡോളറിന് താഴെയെത്തിയതാണ് ഈ വിലയിടിവിന് ഹേതുവായത്. യുഎസ് പണപ്പെരുപ്പ ഡാറ്റ നേരിയ തോതില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് മുന്‍ സെഷനുകളില്‍ ശക്തമായ മുന്നേറ്റം പ്രകടമാക്കിയിരുന്നു. ഇതിന് പിന്നാലെ വ്യാപാരികള്‍ ലാഭമെടുത്തതാണ് പ്രധാനമായി സ്വര്‍ണവിലയെ പിന്നോട്ട് വലിച്ചത്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിന് പിന്തുണ നല്‍കിയിരുന്നു. സാധാരണയായി, ബോണ്ടുകളിലും പണത്തിലുമുള്ള വരുമാനം കുറയുമ്പോള്‍, നിക്ഷേപകര്‍ സ്വര്‍ണം പോലുള്ള ആസ്തികളിലേക്ക് ആകര്‍ഷിക്കപ്പെടാറുണ്ട്. എങ്കിലും പലവിധ കാരണങ്ങളും കൊണ്ട് വിപണിയിലെ സാഹചര്യം കൊണ്ടും അതുണ്ടായില്ല.
ഇന്നലെ വിലയിടിവ് പ്രധാനമായും ആ നേട്ടങ്ങള്‍ക്ക് ശേഷമുള്ള ലാഭമെടുപ്പും ഏഷ്യയിലെ കുറഞ്ഞ വ്യാപാര അളവും കാരണമാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ വിപണികളിലൊന്നായ ചൈനയില്‍ ചാന്ദ്ര പുതുവര്‍ഷ അവധിയായതിനാല്‍ വ്യാപാര അളവ് കുറഞ്ഞതും ഇതിന് ആക്കം കൂട്ടി. സമീപ മാസങ്ങളില്‍ ചൈനയില്‍ സ്വര്‍ണത്തിന് വലിയ ഡിമാന്‍ഡ് പ്രകടമായിരുന്നു.
ഫെബ്രുവരി മാസത്തില്‍ ദുബായിലെ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് പ്രകടമായത്. മാസത്തിന്റെ തുടക്കത്തില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഏകദേശം 589 ദിര്‍ഹം ആയിരുന്നു വില. എന്നാല്‍, അല്‍പ്പം മുന്നോട്ട് നീങ്ങിയപ്പോള്‍ തന്നെ ഇത് 560- ദിര്‍ഹം എന്ന നിലവാരത്തിലേക്ക് താഴ്ന്നു. പിന്നീട് ഫെബ്രുവരി പകുതിയോടെ 610 ദിര്‍ഹത്തിന് മുകളിലേക്ക് കുതിച്ചുയര്‍ന്ന വില വീണ്ടും ഈ ആഴ്ച തിരിച്ചിറങ്ങുകയായിരുന്നു.
എന്നാല്‍ ജനുവരിയില്‍ ഇതിലും വലിയ വില മാറ്റങ്ങളാണ് ദൃശ്യമായത്. വില 639 ദിര്‍ഹം വരെ ഉയര്‍ന്നതിന് ശേഷം മാസാവസാനത്തോടെ 590 ദിര്‍ഹം നിലവാരത്തിലേക്ക് തിരിച്ചിറങ്ങുകയായിരുന്നു. ഇനിയും ഫെബ്രുവരി അവസാനിക്കാന്‍ പന്ത്രണ്ട് ദിവസത്തോളം ശേഷിക്കെ എന്തായിരിക്കും വിപണി കരുതി വച്ചിരിക്കുന്നത് എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മാത്രമല്ല ഈ ചാഞ്ചാട്ടം തുടരുമോ എന്നും നിക്ഷേപകര്‍ ചോദിക്കുന്നുണ്ട്. അത് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ടി വരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
