കൊച്ചി: പത്ത് ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വര്‍ണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ കേരളത്തില്‍ ഇ വേ ബില്‍ നിര്‍ബന്ധമാക്കി. ജനുവരി ഒന്നിന് പുതിയ നിയമം പ്രാബല്യത്തിലാകുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. നിലവില്‍ ഇ വേ ബില്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണ കച്ചവടത്തെ കുറിച്ച് സര്‍ക്കാരിന് വ്യക്തമായ വിവരം ലഭ്യമല്ലാത്തതിനാലാണ് പുതിയ നടപടി.
50,000 രൂപയിലധികം മൂല്യമുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ഇ വേ ബില്‍ നിര്‍ബന്ധമാണെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ സ്വര്‍ണത്തെ ഇതുവരെ ഒഴിവാക്കുകയായിരുന്നു. നികുതി വെട്ടിച്ച് സ്വര്‍ണ കച്ചവടം വ്യാപകമാണെന്ന് കണ്ടെത്തിയതോടെയാണ് ഇ വേ ബില്‍ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം കേരളം ജി.എസ്.ടി കൗണ്‍സിലില്‍ അവതരിപ്പിച്ചത്. മന്ത്രിതല ഉപസമിതിയുടെ നിര്‍ദേശം കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം കൊണ്ടുപോകുന്നതിന് മാത്രമാണ് ഇ വേ ബില്‍ ബാധകമാകുന്നത്. ഉപഭോക്താക്കള്‍ ഇതിന്റെ പരിധിയില്‍ വരില്ല.