ന്യൂഡല്‍ഹി: ഇലക്ട്രിക് ആംബുലന്‍സുകള്‍ ഇന്ത്യയില്‍ ഉടനെ എത്തും. വാഹന നിര്‍മാണത്തിനായി നാലോളം കമ്പനികള്‍ കേന്ദ്രാനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പി.എം ഇഡ്രൈവ് പദ്ധതിയിലുള്‍പ്പെടുത്തി സബ്‌സിഡിയോടുകൂടെയുള്ള ഇആംബുലന്‍സ് നിര്‍മാണത്തിനുള്ള മാര്‍ഗരേഖ കേന്ദ്രം അടുത്ത ദിവസം പുറത്തിറക്കുമെന്നാണ് സൂചന.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പിഎംഇ ഡ്രൈവ് പദ്ധതിയുടെ ഭാഗമായി ഇആംബുലന്‍സുകള്‍ക്ക് 500 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ആദ്യമായാണ് ആംബുലന്‍സുകള്‍ ഇലക്ട്രിക് വാഹന പ്രോത്സാഹന പദ്ധതിയുടെ ഭാഗമാകുന്നത്.
സുരക്ഷയും കാര്യക്ഷമതയും നിലനിര്‍ത്തിക്കൊണ്ട് ആംബുലന്‍സുകളെ വൈദ്യുതീകരിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയമാണ് പുറത്തിറക്കുന്നത്.
ഭാരമേറിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളുടെ ഭാരം ക്രമീകരിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ ആരോഗ്യ മന്ത്രാലയവും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫോഴ്‌സ് മോട്ടോഴ്‌സ്, മഹീന്ദ്ര, മാരുതി സുസുക്കി, സ്വിച്ച് മൊബിലിറ്റി എന്നീ കമ്പനികളാണ് താല്‍പര്യമറിയിച്ചിരിക്കുന്നത്.