മുംബൈ: നിലവിലെ ഫെയിം പദ്ധതി കഴിഞ്ഞാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന സബ്സിഡി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഇ.വി കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച ധാരണയായതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
ഇ.വികളുടെ വില്‍പ്പനയും തദ്ദേശീയമായ ഉത്പാദനവും പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം). ഇ.വി ടൂ വീലറുകള്‍, ത്രീ വീലറുകള്‍, ആംബുലന്‍സുകള്‍, ട്രക്കുകള്‍ തുടങ്ങിയവ വാങ്ങുമ്പോള്‍ പദ്ധതിയുടെ ഭാഗമായി സബ്സിഡി ലഭിക്കും.
ഇതിന് പുറമെ ഇ-ബസുകള്‍ വാങ്ങുന്നതിനും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും സബ്സിഡി ലഭിക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച നിലവിലെ പദ്ധതി അടുത്ത വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കും.
ഫെയിം പദ്ധതി നിറുത്തുന്നത് ഇ.വി വിപണിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഇക്കൊല്ലം ഇ.വികള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് കമ്പനികള്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം സബ്സിഡി കൂടി നിറുത്തലാക്കുന്നത് വീണ്ടും വണ്ടി വില വര്‍ധിപ്പിച്ചേക്കും.