അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ തുകയും ഒറ്റയടിക്ക് പിന്‍വലിക്കാം; ഇപിഎഫ്ഒയില്‍ വമ്പന്‍ മാറ്റങ്ങള്‍

പിഎഫിലെ തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതത്തിലെ അര്‍ഹമായ ബാലന്‍സില്‍ നിന്ന് നൂറ് ശതമാനം വരെ പിന്‍വലിക്കാനാണ് അനുമതിയായത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പത്ത് തവണയും വിവാഹത്തിന് അഞ്ച് തവണയും പിന്‍വലിക്കാം. നേരത്തേ ഇത് മൂന്ന് തവണയായിരുന്നു.

author-image
Biju
New Update
epfo

ന്യൂഡല്‍ഹി: പിഎഫ് പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. ന്യൂഡല്‍ഹിയില്‍ നടന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഈ വിഷയം അജണ്ടയില്‍ ഇല്ലായിരുന്നുവെങ്കിലും സിബിടിയിലെ ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ ചര്‍ച്ചകള്‍ക്കിടെ മിനിമം പിഎഫ് പെന്‍ഷന്‍ നിലവിലുള്ള പ്രതിമാസം 1,000 രൂപയില്‍ നിന്ന് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു. ''മന്ത്രി അത് തള്ളിക്കളഞ്ഞില്ല, മന്ത്രിസഭ ഈ നിര്‍ദേശം സജീവമായി പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞു,'' യോഗത്തിന് ശേഷം ഒരു സിബിടി അംഗം ദി ഹിന്ദുവിനോട് പറഞ്ഞു. 2014-ലാണ് കേന്ദ്രം അവസാനമായി പെന്‍ഷന്‍ പരിഷ്‌കരിച്ചത്. എന്നിരുന്നാലും, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ ഈ തുക വളരെ കുറവാണെന്നും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്നും ജീവനക്കാര്‍ വാദിക്കുന്നു.പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ ഓപ്ഷനുകള്‍ തൊഴില്‍ മന്ത്രാലയം പരിഗണിച്ചതായും അവലോകനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇപിഎഫ് ഭാഗിക പിന്‍വലിക്കല്‍ വ്യവസ്ഥകളുടെ ലളിതവത്ക്കരണവും ഉദാരവത്ക്കരണവും ഉള്‍പ്പെടെ നിരവധി വിപ്ലവകരമായ തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടതായി തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇതുപ്രകാരം പിഎഫിലെ തുക നൂറുശതമാനം വരെ പിന്‍വലിക്കാവുന്നതാണ്. പ്രത്യേക സാഹചര്യങ്ങളില്‍ കാരണം വ്യക്തമാക്കാതെതന്നെ ഫണ്ട് പിന്‍വലിക്കാനും അനുമതിയായി. തുക പിന്‍വലിക്കുന്നതിനുള്ള ചുരുങ്ങിയ സര്‍വീസ് 12 മാസമാക്കി കുറയ്ക്കുകയും ചെയ്തു.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സ്‌കീമിലെ 13 സങ്കീര്‍ണവകുപ്പുകളെ ഏകീകരിച്ചുകൊണ്ട് മൂന്ന് വിഭാഗമാക്കിയാണ് ഭാഗിക പിന്‍വലിക്കല്‍ ഉദാരമാക്കിയത്. അത്യാവശ്യ കാര്യങ്ങള്‍ (രോഗം, വിദ്യാഭ്യാസം, വിവാഹം), ഭവന നിര്‍മാണം, പ്രത്യേക സാഹചര്യങ്ങള്‍ (പ്രകൃതിദുരന്തം, സ്ഥാപനം അടച്ചുപൂട്ടല്‍, തുടര്‍ച്ചയായ തൊഴിലില്ലായ്മ, മഹാമാരി തുടങ്ങിയവ) എന്നിങ്ങനെയാണ് തരംതിരിച്ചത്.

പിഎഫിലെ തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതത്തിലെ അര്‍ഹമായ ബാലന്‍സില്‍ നിന്ന് നൂറ് ശതമാനം വരെ പിന്‍വലിക്കാനാണ് അനുമതിയായത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പത്ത് തവണയും വിവാഹത്തിന് അഞ്ച് തവണയും പിന്‍വലിക്കാം. നേരത്തേ ഇത് മൂന്ന് തവണയായിരുന്നു.

സുപ്രിം കോടതി ഉത്തരവ് പ്രകാരം ഉയര്‍ന്ന പെന്‍ഷന്‍ വിതരണം ചെയ്യുന്നതിലെ കാലതാമസത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. വിവിധ ഹൈക്കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തില്‍, തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ചില സിബിടി അംഗങ്ങള്‍ ഇപിഎഫ്ഒ ഈ വിഷയത്തില്‍ രൂപപ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നും സുപ്രിം കോടതി ഉത്തരവിന് അനുസൃതമായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും വാദിച്ചു.

epfo