വിപണിക്ക് കരുത്ത് പകര്‍ന്ന് റിസര്‍ബാങ്കിന്റെ പണനയം

നിരക്കുകളിലോ സമീപനത്തിലോ മാറ്റമില്ലാതെയാണു ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്കിന്റെ പണനയം പ്രഖ്യാപിച്ചത്. പണനയ കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ഈ വര്‍ഷത്തെ ചില്ലറ വിലക്കയറ്റം കുറയുമെന്നും ജിഡിപി വളര്‍ച്ച കൂടുമെന്നും കേന്ദ്ര ബാങ്ക് വിലയിരുത്തി.

author-image
Biju
New Update
repo

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പണനയം വിപണിയെ ആശ്വസിപ്പിച്ചു. ആവേശത്തിനോ നിരാശയ്‌ക്കോ പഴുതില്ലാത്തതായി നയം.

നിരക്കുകളിലോ സമീപനത്തിലോ മാറ്റമില്ലാതെയാണു ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്കിന്റെ പണനയം പ്രഖ്യാപിച്ചത്. പണനയ കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ഈ വര്‍ഷത്തെ ചില്ലറ വിലക്കയറ്റം കുറയുമെന്നും ജിഡിപി വളര്‍ച്ച കൂടുമെന്നും കേന്ദ്ര ബാങ്ക് വിലയിരുത്തി.

റീപോ നിരക്ക് (ബാങ്കുകള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ നല്‍കുന്ന ഏകദിന വായ്പയുടെ പലിശ) 5.50 ശതമാനം എന്നത് തുടരും. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി 5.75 ശതമാനവും എസ്ഡിഎഫ് നിരക്ക് 5.25 ശതമാന  ശതമാനവും തുടരും.

ഈ ധനകാര്യ വര്‍ഷം ചില്ലറവിലക്കയറ്റ പ്രതീക്ഷ 3.1 ശതമാനത്തില്‍ നിന്നു 2.6 ശതമാനമായി കുറച്ചു. രണ്ടും മൂന്നും പാദങ്ങളില്‍ 1.8 ശതമാനം വീതം വിലക്കയറ്റമാണു പ്രതീക്ഷ നാലാം പാദത്തില്‍ നാലു ശതമാനമായി വിലക്കയറ്റം കൂടും.

ഈ വര്‍ഷത്തെ ജിഡിപി വളര്‍ച്ച പ്രതീക്ഷ 6.5 ല്‍ നിന്ന് 6.8 ശതമാനമായി ഉയര്‍ത്തി. ഒന്നാം പാദ വളര്‍ച്ച 7.8 ശതമാനമായിരുന്നു. രണ്ടാം പാദത്തില്‍ ഏഴ്, മൂന്നില്‍ 6.4, നാലില്‍ 6.2 ശതമാനം എന്നിങ്ങനെയാണു പുതിയ നിഗമനം.

വിപണി പ്രതീക്ഷിച്ചതുപോലുള്ള നയമാണു ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. നയസമീപനം ന്യൂട്രല്‍ എന്നതും തുടരും. 

വിദേശ നാണയവിപണി പണനയത്തിന് അനുകൂലമായ പ്രതികരണവും നല്‍കി. രൂപ കരുത്തു നേടി. 88.77 രൂപയില്‍ നിന്നു ഡോളര്‍ 88.69 രൂപ വരെ താഴ്ന്നു. കയറ്റുമതിയില്‍ വെല്ലുവിളി ഉണ്ടെങ്കിലും രാജ്യത്തിന്റെ കറന്റ് അക്കൗണ്ടില്‍ വെല്ലുവിളി ഇല്ലെന്നു ഗവര്‍ണര്‍ പറഞ്ഞു.

എന്‍ബിഎഫ്‌സികള്‍ക്ക്  അടിസ്ഥാന സൗകര്യമേഖലയില്‍ വായ്പ വര്‍ധിപ്പിക്കാന്‍ അത്തരം വായ്പകളുടെ റിസ്‌ക് വെയിറ്റ് കുറച്ചു.

നിഫ്റ്റിയും പണനയ അവതരണ വേളയില്‍ വലിയ ചാഞ്ചാട്ടം കാണിച്ചില്ല. തുടക്കത്തിലെ നിലയിലേക്കു സൂചികകള്‍ തിരികെ എത്തിയിട്ട് അല്‍പം ഉയര്‍ന്നു. പ്രസ്താവന തുടങ്ങുമ്പോള്‍ 0.25 ശതമാനം ഉയരത്തിലായിരുന്ന സൂചികകള്‍ 0.35 ശതമാനം നേട്ടത്തിലേക്കു കയറി. ബാങ്ക് നിഫ്റ്റി 0.45 ല്‍ നിന്ന് 0.65 ശതമാനം നേട്ടത്തിലേക്കു കുതിച്ചു.

എസ്‌കോര്‍ട്‌സ് കുബോട്ടയുടെ സെപ്റ്റംബര്‍ മാസത്തെ ട്രാക്ടര്‍ വില്‍പന 47.6 ശതമാനം വര്‍ധിച്ച് 18,000-ലധികമായി. ഓഹരി നാലു ശതമാനം കുതിച്ചു.

സിംഗിള്‍ മാള്‍ട്ട് വിസ്‌കി നിര്‍മാണത്തിനു ഡിസ്റ്റിലറി തുടങ്ങാനും ബോട്ടില്‍ നിര്‍മാണത്തിനുള്ള പോളി എഥിലിന്‍ ടെറഫ്തലേറ്റ് നിര്‍മിക്കാനുളള പ്ലാന്റ് സ്ഥാപിക്കാനുമായി 527 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അലൈഡ് ബ്ലെന്‍ഡേഴ്‌സ് അറിയിച്ചു. ഓഹരി മൂന്നു ശതമാനം ഉയര്‍ന്നു. 

അമേരിക്കന്‍ ഗവണ്മെന്റുമായി മരുന്നുവിലയുടെ കാര്യത്തില്‍ ധാരണ ഉണ്ടാക്കിയ ഫൈസറിന്റെ ഇന്ത്യന്‍ ഉപകമ്പനിയുടെ ഓഹരി ആറു ശതമാനം കുതിച്ചു. അമേരിക്കയിലേക്ക് സ്‌പെഷാലിറ്റി ഔഷധങ്ങള്‍ കയറ്റുമതി ചെയ്യുന്ന സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് മൂന്നു ശതമാനം ഉയര്‍ന്നു.

സെപ്റ്റംബറിലെ ടൂവീലര്‍ വില്‍പന ഒമ്പതു ശതമാനം വര്‍ധിപ്പിച്ച ബജാജ് ഓട്ടോയുടെ ഓഹരി രണ്ടു ശതമാനം കയറി.

സ്വര്‍ണം ലോകവിപണിയില്‍ 3861 ഡോളറില്‍ നില്‍ക്കുന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 880 രൂപ കുതിച്ച് 87,000 രൂപയില്‍ എത്തി.

ക്രൂഡ് ഓയില്‍ രാവിലെ ചെറിയ കയറ്റത്തിലാണ്. ബ്രെന്റ് ഇനം വീപ്പയ്ക്ക് 66.23 ഡോളര്‍ ആയി.