/kalakaumudi/media/media_files/2025/10/04/fact-2025-10-04-09-22-38.jpg)
കൊച്ചി: പൊതുമേഖലാ വളം നിര്‍മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് പുതിയ വിപണികളിലേക്ക് കടക്കാനൊരുങ്ങുന്നു. കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ട് ഈ സാമ്പത്തികവര്‍ഷം ഛത്തീസ്ഗഡ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് മാര്‍ക്കറ്റുകളിലേക്ക് എത്താനാണ് കമ്പനിയുടെ നീക്കം.
അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിട്ട വര്‍ഷമാണ് ഫാക്ടിനെ സംബന്ധിച്ച് കടന്നുപോകുന്നത്. യുക്രൈയ്ന്‍-റഷ്യ യുദ്ധം കമ്പനിയുടെ വിതരണ ശൃംഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനിടയിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
2024-25 സാമ്പത്തികവര്‍ഷം 8.95 ലക്ഷം ടണ്‍ വളമാണ് കമ്പനി ഉത്പാദിപ്പിച്ചത്. 6,44,768 ടണ്‍ ഫാക്ടംഫോസും 2,50,578 ടണ്‍ അമോണിയം സള്‍ഫറേറ്റും വിതരണത്തിനെത്തിക്കാനായി. 2020-21 സാമ്പത്തിക വര്‍ഷത്തെ ഉത്പാദക റെക്കോഡ് മറികടക്കാനും കമ്പനിക്കായി.
വില്പനയിലും നേട്ടം
കഴിഞ്ഞ സാമ്പത്തികവര്‍ഷം എല്ലാ ഉത്പന്നങ്ങളുടെയും ആകെ വില്പന 11.63 ലക്ഷം ടണ്ണായിരുന്നു. അമോണിയം സള്‍ഫേറ്റ് വില്പനയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനയോടെ 2,66,683 ടണ്ണായി. മധ്യപ്രദേശ് മാര്‍ക്കറ്റിലേക്ക് ആദ്യമായി കടന്നെത്താനും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫാക്ടിന് സാധിച്ചു. 25,000 ടണ്‍ ഫാക്ടംഫോസാണ് മധ്യപ്രദേശില്‍ കഴിഞ്ഞവര്‍ഷം വിറ്റത്.
ആന്ധ്രപ്രദേശിലെ കടപ്പ, കാക്കിനട തെലങ്കാനയിലെ നിസാമാബാദ്, ഒഡീഷയിലെ ഭുവനേശ്വര്‍ എന്നിവിടങ്ങള്‍ ആസ്ഥാനമാക്കി പുതിയ മാര്‍ക്കറ്റിംഗ് സോണുകളും മഹാരാഷ്ട്രയിലെ ഷോളാപൂരില്‍ പുതിയ സംസ്ഥാന ഓഫീസും സ്ഥാപിച്ചു.
മൊറോക്കോ ആസ്ഥാനമായ ഒസിപി ന്യൂട്രിക്രോപ്സ് എന്ന കമ്പനിയുമായി അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തിനായി കരാറിലേര്‍പ്പെടുകയും ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫാക്ടിന്റെ മൊത്തം വിറ്റുവരവ് 4,050.91 കോടി രൂപയായിരുന്നു. ലാഭം 41.23 കോടി രൂപയും. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ലാഭമാണിത്. 2023-24 സാമ്പത്തികവര്‍ഷം വരുമാനം 5,051 കോടി രൂപയും ലാഭം 128 കോടി രൂപയുമായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
