പ്രതീകാത്മക ചിത്രം
കൊച്ചി: സ്വകാര്യ ബാങ്കായ സിഎസ്ബി ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിച്ച് ഫെയര്‍ഫോക്‌സ്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ 9.7 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍മാരായ ഫെയര്‍ഫാക്സ് (എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്മെന്റ്) വിറ്റഴിച്ചത്. ബ്ലോക്ക് ഡീല്‍ വഴിയാണ് ഓഹരികള്‍ വിറ്റഴിച്ചത്. 595 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഓഹരിയൊന്നിന് 353 രൂപ നിരക്കില്‍ 1.70 കോടി ഓഹരികള്‍ കൈമാറ്റം ചെയ്തു. ഇതോടെ വ്യാഴാഴ്ച സി.എസ്.ബി ബാങ്കിന്റെ ഓഹരികള്‍ 7.5 ശതമാനം കുതിച്ചുയര്‍ന്ന് 382.50 രൂപയിലെത്തി.
സി.എസ്.ബി ബാങ്കില്‍ 79.72 ശതമാനം ഓഹരികളാണ് ഫെയര്‍ഫാക്സിനുള്ളത്. ഓഹരി വിറ്റഴിച്ചതോടെ ഓഹരി പങ്കാളിത്തം 40 ശതമാനമായി കുറയും. റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥ പാലിക്കാന്‍ വേണ്ടിയാണ് ഓഹരി വില്‍പ്പന. 15 വര്‍ഷം കൊണ്ട് ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ നവംബറിലാണ് സി.എസ്.ബി ബാങ്കില്‍ 26 ശതമാനം ഓഹരി പങ്കാളിത്തം നിലനിറുത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.
നേരത്തെ ബാങ്കുകളിലെ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 15 വര്‍ഷത്തിനകം 15 ശതമാനത്തിലേക്ക് താഴ്ത്തണമെന്നായിരുന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നത്. കോട്ടക് ബാങ്ക് പ്രമോട്ടറായ ഉദയ് കോട്ടക്ക് ഇതിനെതിരെ കോടതിയെ സമീപിച്ചതാണ് ബാങ്കിലെ പ്രമോട്ടര്‍ പങ്കാളിത്തം 26 ശതമാനമാക്കി നിറുത്താന്‍ സഹായകമായത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
