തമിഴ്‌നാട്ടില്‍ 3,250 കോടി നിക്ഷേപിക്കാന്‍ ഫോര്‍ഡ്

യു.എസ് കമ്പനികള്‍ അമേരിക്കയില്‍ തന്നെ നിക്ഷേപങ്ങള്‍ നടത്തണമെന്ന പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശമുള്ളപ്പോഴാണ് ഫോര്‍ഡിന്റെ നീക്കമെന്നതും ശ്രദ്ധേയം.

author-image
Biju
New Update
ford

ചെന്നൈ: നാല് വര്‍ഷത്തിന് ശേഷം തമിഴ്നാട്ടിലെ പ്ലാന്റില്‍ നിര്‍മാണം പുനരാരംഭിക്കാന്‍ യു.എസ് വാഹന നിര്‍മാതാവായ ഫോര്‍ഡ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, വ്യവസായ മന്ത്രി ടി.ആര്‍.ബി രാജ എന്നിവരുമായി ഇക്കാര്യത്തില്‍ വൈകാതെ കരാറൊപ്പിടുമെന്നാണ് റിപ്പോര്‍ട്ട്. 

പ്ലാന്റിലെ നിര്‍മാണം വീണ്ടും തുടങ്ങാന്‍ 3,250 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഫോര്‍ഡിന്റെ പ്ലാന്‍. യു.എസ് കമ്പനികള്‍ അമേരിക്കയില്‍ തന്നെ നിക്ഷേപങ്ങള്‍ നടത്തണമെന്ന പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശമുള്ളപ്പോഴാണ് ഫോര്‍ഡിന്റെ നീക്കമെന്നതും ശ്രദ്ധേയം.

എന്നാല്‍ വാഹനങ്ങള്‍ നിര്‍മിച്ച് ഇന്ത്യയില്‍ വില്‍ക്കുന്നതിന് പകരം എഞ്ചിനുകള്‍ ഉത്പാദിപ്പിക്കാനാണ് ഫോര്‍ഡിന്റെ പദ്ധതിയെന്നാണ് വിവരം. പ്രതിവര്‍ഷം 2,35,000 എഞ്ചിനുകള്‍ നിര്‍മിക്കാന്‍ തമിഴ്നാട്ടിലെ മരൈമലൈ നഗറിലെ ഫോര്‍ഡ് പ്ലാന്റിന് ശേഷിയുണ്ട്. 2029 മുതല്‍ ഉത്പാദനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ ഈ വര്‍ഷം അവസാനത്തോടെ തുടങ്ങും. ഇതിലൂടെ 600 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇവിടെ ഉത്പാദിപ്പിക്കുന്ന എഞ്ചിനുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നാണ് അറിയുന്നത്. എന്നാല്‍ എവിടേക്കാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

മൂന്ന് പതിറ്റാണ്ടുകളോളം ഇന്ത്യയില്‍ നിറസാന്നിധ്യമായിരുന്ന ഫോര്‍ഡ് 2021ലാണ് പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിയത്. എന്നാല്‍ 2024ല്‍ രാജ്യത്തേക്ക് തിരിച്ചെത്താന്‍ ആഗ്രഹമുണ്ടെന്ന് ഫോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് തമിഴ്നാട്ടിലെ പ്ലാന്റ് തുറക്കാനായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ താരിഫ് നീക്കങ്ങള്‍ക്കിടയില്‍ ഫോര്‍ഡിന്റെ തിരിച്ചുവരവും മുടങ്ങുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത നീക്കം.