പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇടിവ് രേഖപ്പെടുത്തി. 3.49 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ വിവിധ മേഖലകളിലേക്കുള്ള പണമൊഴുക്ക് 4442 കോടി ഡോളറായാണ് കുറഞ്ഞത്. മുന്‍ വര്‍ഷം ഇത് 4603 കോടി ഡോളറായിരുന്നു. 22 ശതമാനത്തിന്റെ ഇടിവാണ് അന്നു രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തെ നിക്ഷേപത്തില്‍ വര്‍ധനയുണ്ട്. 33.4 ശതമാനം വര്‍ധിച്ച് 1238 കോടി ഡോളറിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 928 കോടി ഡോളറായിരുന്നു.
ഓഹരിവിപണിയിലേക്ക് അടക്കമുള്ള ആകെ വിദേശ നിക്ഷേപം ഒരു ശതമാനം ഇടിഞ്ഞ് 7095 കോടി ഡോളറായി. മുന്‍വര്‍ഷം ഇത് 7135 കോടി ഡോളറായിരുന്നു. 2021-22 കാലയളവിലാണ് രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം എത്തിയത്. 8483 കോടി ഡോളര്‍.
മൊറീഷ്യസ്, സിംഗപ്പൂര്‍, യുഎസ്, യുകെ, യുഎഇ, കേമാന്‍ ദ്വീപുകള്‍, ജര്‍മനി, സൈപ്രസ് എന്നിവിടങ്ങളില്‍നിന്നുള്ള നിക്ഷേപത്തില്‍ ഇടിവുണ്ടായി. നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നു നിക്ഷേപം കൂടി. സേവനം, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, ടെലികോം, ഓട്ടോ, ഫാര്‍മ എന്നീ മേഖലകളിലേക്കുള്ള നിക്ഷേപം കുറഞ്ഞു. നിര്‍മാണമേഖല, ഊര്‍ജരംഗം എന്നിവ വളര്‍ച്ച രേഖപ്പെടുത്തി.
മഹാരാഷ്ട്രയിലേക്കാണ് കൂടുതല്‍ നിക്ഷേപമെത്തിയത്; 1510 കോടി ഡോളര്‍. ഗുജറാത്തിലേക്ക് 730 കോടി ഡോളര്‍ എത്തി. തമിഴ്‌നാട്, ജാര്‍ഖണ്ഡ്, തെലങ്കാന എന്നിവയും വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ കര്‍ണാടകയിലേക്കുള്ള നിക്ഷേപം ഇടിഞ്ഞു. മുന്‍വര്‍ഷം 1042 കോടി ഡോളറായിരുന്നത് ഇത്തവണ 657 കോടി ഡോളറായി.