മുംബൈ: ലഗേജ് ബ്രാന്‍ഡായ അപ്പര്‍കേസ് ആഗോള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ എക്‌സല്‍ നയിക്കുന്ന സീരീസ് ബി റൗണ്ടില്‍ ഒമ്പതു മില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് നേടി. നിലവില്‍ ലഭിച്ചിരിക്കുന്ന ധനസഹായം ബിസിനസ് വിപുലീകരിക്കാനും ബ്രാന്‍ഡിന് ഇന്ത്യയിലുടനീളം ഉപയോക്തൃ അടിത്തറ വര്‍ധിപ്പിക്കാനും സഹായകമാകും. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിലവില്‍ ഓണ്‍ലൈനായും ഇന്ത്യയിലുടനീളമുള്ള 1800 മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകള്‍ വഴിയും ട്രാവല്‍ ഗിയറുകള്‍ വില്‍ക്കുന്നുണ്ട്.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 250 എക്‌സ്‌ക്ലുസീവ് റീട്ടെയ്ല്‍ സ്റ്റോറുകള്‍ കൂടി ആരംഭിച്ച് അതിന്റെ 500 കോടി തികയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എക്‌സല്‍ നയിക്കുന്ന സീരീസ് ബി റൗണ്ടില്‍ ഒമ്പത് മില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് നേടിയതോടെ മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച അപ്പര്‍കേസിന്റെ മൊത്തം ഫണ്ടിംഗ് നിലവില്‍ 150 കോടി രൂപയായി ഉയര്‍ന്നു.ഡിസൈനും ഉത്പാദനവും നൂറു ശതമാനം ഇന്ത്യയില്‍ തന്നെ ചെയ്യുന്ന അപ്പര്‍കേസിന്റെ ഉത്പന്നമായ ബുള്ളറ്റിന് ഈയിടെ റെഡ് ഡോട്ട് അവാര്‍ഡ് ലഭിച്ചിരുന്നു. 69 വര്‍ഷത്തിനിടെ ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ലഗേജ് ബ്രാന്‍ഡാണ് അപ്പര്‍കേസ്.