/kalakaumudi/media/media_files/2025/03/07/epvge0XhWuoBtLRbzInl.jpg)
ന്യൂഡല്‍ഹി: സ്വര്‍ണപ്പണയ വായ്പകളുടെ വിതരണത്തിനുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് ബാങ്കുകളോടും മറ്റ് ധനകാര്യസ്ഥാപനങ്ങളോടും വീണ്ടും ആവശ്യപ്പെടാന്‍ റിസര്‍വ് ബാങ്ക്. രാജ്യത്ത് സ്വര്‍ണപ്പണയ വായ്പകളുടെ ഡിമാന്‍ഡും വിതരണവും മറ്റ് വായ്പാ വിഭാഗങ്ങളെ അപേക്ഷിച്ച് വന്‍തോതില്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണിത്. 2024ല്‍ സ്വര്‍ണപ്പണയ വായ്പാവിതരണം 56% വര്‍ധിച്ചിരുന്നു. അതേസമയം, ഭവന വായ്പകളിലെ വളര്‍ച്ച 18% മാത്രം.
ഈടുരഹിത വ്യക്തിഗത വായ്പകളുടെ വിതരണത്തിനെതിരെ സമീപകാലത്ത് റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ വിഭാഗം വായ്പകളില്‍ കിട്ടാക്കടം ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു അത്. അതോടെ, പക്ഷേ സ്വര്‍ണം ഈടുവച്ചുള്ള വായ്പാ വിതരണം കുതിച്ചുയരുകയായിരുന്നു.
സ്വര്‍ണം പണയംവച്ച് വായ്പ എടുക്കുന്നവര്‍, വായ്പാക്കരാറില്‍ പറഞ്ഞ ആവശ്യത്തിനു തന്നെയാണോ ഉപയോഗിക്കുന്നതെന്ന് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്നാണ് പ്രധാന നിര്‍ദേശം. ഉദാഹരണത്തിന്, കാര്‍ഷികാവശ്യത്തിന് കുറഞ്ഞപലിശനിരക്കില്‍ സ്വര്‍ണം പണയംവച്ച് നേടാവുന്ന വായ്പ നിരവധി പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഈ തുക കാര്‍ഷികാവശ്യത്തിന് തന്നെയാണോ വിനിയോഗിക്കുന്നതെന്ന് പരിശോധിക്കാന്‍ പല ധനകാര്യസ്ഥാപനങ്ങളും മിനക്കെടാറില്ലെന്ന് റിസര്‍വ് ബാങ്ക് ആരോപിച്ചിരുന്നു. ചട്ടവിരുദ്ധമായി വായ്പയില്‍ ടോപ്-അപ്പ് അനുവദിക്കുന്നതും അംഗീകരിക്കില്ല.
സ്വര്‍ണവായ്പയുടെ എല്‍ടിവി, കെവൈസി (നോ യുവര്‍ കസ്റ്റമര്‍), പരിശുദ്ധി നിര്‍ണയം ഉള്‍പ്പെടെയുള്ള നിബന്ധനകളും ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഈടുവയ്ക്കുന്ന സ്വര്‍ണത്തിന്റെ 75% വരെ തുകയേ വായ്പയായി അനുവദിക്കാവൂ എന്നാണ് ചട്ടം. ഇതാണ് ലോണ്‍-ടു-വാല്യു (എല്‍ടിവി). പല സ്ഥാപനങ്ങളും സ്വര്‍ണം ഈടായി ശേഖരിക്കുന്നതും തൂക്കം പരിശോധിക്കുന്നതും സൂക്ഷിക്കുന്നതും അലക്ഷ്യമായാണെന്നും റിസര്‍വ് ബാങ്ക് കണ്ടെത്തിയിരുന്നു.
ചില ഫിന്‍ടെക് സ്ഥാപനങ്ങളുടെ ഏജന്റുമാരാണ് ഈടുസ്വര്‍ണം വാങ്ങുന്നതും മൂല്യനിര്‍ണയം നടത്തുന്നതും സൂക്ഷിക്കുന്നതും. ഇത് അതത് ധനകാര്യസ്ഥാപനങ്ങള്‍ നേരിട്ടു ചെയ്യേണ്ടതാണ്. സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നതു സംബന്ധിച്ചും ധനാകാര്യസ്ഥാപനം വ്യക്തത വരുത്തണം. വായ്പാത്തിരിച്ചടവില്‍ വീഴ്ചയുണ്ടായാല്‍, ഈടുലഭിച്ചിട്ടുള്ള സ്വര്‍ണം ഇടപാടുകാരനെ അറിയിക്കാതെ ലേലം ചെയ്യുന്നതിനെയും റിസര്‍വ് ബാങ്ക് വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ നടത്തിയ ഓഡിറ്റിങ്ങിലാണ് പല ധനകാര്യസ്ഥാപനങ്ങളും സ്വര്‍ണപ്പണയ വായ്പാ വിതരണത്തില്‍ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തിയത്. തുടര്‍ന്നാണ്, നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടതും. ലോകത്ത് സ്വര്‍ണ ഉപഭോഗത്തിലും ഇറക്കുമതിയിലും രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്.
ആഭരണമെന്നതിന് പുറമെ, പെട്ടെന്നുള്ള സാമ്പത്തികാവശ്യം നിറവേറ്റാനുള്ള ആസ്തിയായുമാണ് ഇന്ത്യക്കാര്‍ സ്വര്‍ണത്തെ കാണുന്നത്. രാജ്യത്ത് സ്വര്‍ണ ഉപഭോഗത്തില്‍ മുന്‍നിരയിലാണ് കേരളവും. പ്രതിവര്‍ഷം ശരാശരി ഒരുലക്ഷം കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് കേരളത്തില്‍ വിറ്റഴിയുന്നത്.