/kalakaumudi/media/media_files/2025/10/31/gold-2025-10-31-17-11-35.jpg)
കൊച്ചി: പവന് ലക്ഷം രൂപ കടന്ന് സ്വര്‍ണവില. 1,01,600 രൂപയാണ് ചൊവ്വാഴ്ച രാവിലെ ഒരു പവന് രേഖപ്പെടുത്തിയത്. ഗ്രാമിന് 12,700 രൂപയാണ് വില. അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില ലക്ഷം രൂപയ്ക്കടുത്ത് തുടരുകയായിരുന്നു. തിങ്കളാഴ്ച പവന് 1,440 രൂപ ഉയര്‍ന്ന് 99,840 രൂപയിലെത്തിയിരുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
നിലവിലെ വിലക്കുതിപ്പില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.13 ലക്ഷം രൂപയ്ക്കു മുകളില്‍ നല്‍കണം. മൂന്നു ശതമാനം ജിഎസ്ടി, 10 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ഉള്‍പ്പെടുന്ന നിരക്കാണിത്. പണിക്കൂലി മാറുന്നതിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.
സ്വര്‍ണ വിലയില്‍ ആയിരക്കണക്കിനു രൂപയുടെ വ്യത്യാസം ഒറ്റദിവസം തന്നെയുണ്ടാകുമ്പോള്‍ വിലക്കയറ്റം മുന്നില്‍ കണ്ട് അഡ്വാന്‍സ് ബുക്കിങ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമാണ് നേരിയ ആശ്വാസമുള്ളത്. എന്നാല്‍, അഡ്വാന്‍സ് ബുക്കിങ് വഴി കോടികളുടെ നഷ്ടമാണ് വന്നുകൊണ്ടിരിക്കുന്നതെന്നാണ് വ്യാപാരികള്‍ അറിയിക്കുന്നത്.
അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയ്ക്ക് കരുത്തേകുന്നത്. കൂടാതെ യുഎസ്-വെനസ്വേല സംഘര്‍ഷസാധ്യതയും വിപണിയെ സ്വാധീനിക്കുന്നു.
ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് അന്താരാഷ്ട്ര വില 4,400 ഡോളര്‍ കടന്ന് 4,411 ഡോളര്‍ എന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച വ്യാപാരം. 4,421 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു. അടുത്ത വര്‍ഷം അമേരിക്കയില്‍ രണ്ടുതവണ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിപണി കണക്കുകൂട്ടുന്നത്. കൂടാതെ, അമേരിക്കയിലെ തൊഴില്‍മേഖലയിലെ മാന്ദ്യം വേഗത്തിലാകുന്നതും കേന്ദ്രബാങ്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതും സ്വര്‍ണ വില ഇനിയും ഉയരാന്‍ കാരണമാകും.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായുള്ള വിലനിലവാരം പരിശോധിക്കുകയാണെങ്കില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ സ്വര്‍ണ വില വര്‍ധിക്കുന്നതാണ് രീതി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
