കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയ്ക്ക് ഇന്നലെ പുത്തന്‍ ഉയരം. ഗ്രാമിന് 20 രൂപ വര്‍ധിച്ച് വില 9,400 രൂപയും പവന് 160 രൂപ ഉയര്‍ന്ന് 75,200 രൂപയുമായി. ഇക്കഴിഞ്ഞ ജൂലൈ 27നും കുറിച്ച ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമെന്ന റെക്കോര്‍ഡ് തകര്‍ന്നു. കഴിഞ്ഞ 5 പ്രവൃത്തിദിനങ്ങള്‍ക്കിടെ മാത്രം ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണ് കൂടിയത്.
ആനുപാതികമായി പണിക്കൂലി, നികുതി എന്നിവയുടെ ഭാരവും കൂടുമെന്നത് ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെ വിശേഷാവശ്യങ്ങള്‍ക്കായി വലിയ അളവില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കും കനത്ത തിരിച്ചടിയായി. ഓണവും വിവാഹസീസണും അടുത്തെത്തിയിരിക്കേയാണ് വിലക്കുതിപ്പ്.