ന്യൂഡല്‍ഹി: സ്വര്‍ണ വ്യാപാരികള്‍ സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടു പോകുന്നതിന് ഇവേ ബില്‍ എടുക്കണമെന്ന ജിഎസ്ടി വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു. ജനുവരി 1 മുതല്‍ നടപ്പാക്കി തുടങ്ങിയ ഉത്തരവ് ഇ-വേ ബില്‍ പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലമാണ് ഇത് താല്‍ക്കാലികമായി നീട്ടിവച്ചിരിക്കുന്നത്.
പുതിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 27 നാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് സംസ്ഥാന ജിഎസ്ടി വകുപ്പ് പുറത്തിറക്കിയത്. ഇതിനെതിരെ സ്വര്‍ണവ്യാപാരികള്‍ ശക്തമായി രംഗത്തു വന്നിരുന്നു. കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ കണ്ട് നിവേദനം നല്‍കിയിരുന്നു.
വ്യാപാരികള്‍ ചൂണ്ടിക്കാണിച്ച സാങ്കേതിക പിഴവുകള്‍ ശരിയാണെന്ന് തെളിഞ്ഞതിന്റെ ഫലമാണ് ഉത്തരവ് മരവിപ്പിച്ചതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. ജനുവരി ഒന്നാം തീയതി മുതല്‍ എട്ടാം തീയതി വരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.