/kalakaumudi/media/media_files/2025/10/14/google-2025-10-14-17-25-33.jpg)
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15 ബില്യണ്‍ (1500 കോടി) നിക്ഷേപിക്കാനൊരുങ്ങി ഗൂഗ്ള്‍. യു.എസിന് പുറത്തുള്ള ഏറ്റവും വലിയ എ.ഐ ഹബ്ബിനായുള്ള ഡാറ്റാ സെന്ററും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രവും നിര്‍മിക്കുന്നതിനാണ് ഗൂഗ്ള്‍ വന്‍തുക ഇന്ത്യയില്‍ നിക്ഷേപിക്കുന്നത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് എ.ഐ ഹബ്ബ് തുടങ്ങുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയതായി ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ അറിയിച്ചു.
ന്യൂഡല്‍ഹിയില്‍ ഗൂഗ്ള്‍ സംഘടിപ്പിച്ച 'ഭാരത് എ.ഐ ശക്തി' പരിപാടിയിലാണ് പുതിയ പ്രഖ്യാപനം. ഇന്ത്യയില്‍ ഗൂഗ്ള്‍ എ.ഐ ഹബ് തുടങ്ങുന്നതിലൂടെ എ.ഐ നവീകരണം ത്വരിതപ്പെടുത്തുന്നതിനും ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിനും ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞതായി സുന്ദര്‍ പിച്ചൈ അറിയിച്ചു. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കുവെക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം സുന്ദര്‍ പിച്ചൈ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചു.
യു.എസിന് പുറത്തുള്ള ഏറ്റവും വലിയ ഗിഗാവാട്ട് ഡാറ്റ സെന്റര്‍ വിശാഖ പട്ടണത്തില്‍ നിര്‍മിക്കുന്നതെന്ന് ഗൂഗ്ള്‍ ക്ലൗഡ് ഗ്ലോബല്‍ സി.ഇ.ഒ തോമസ് കുര്യന്‍ പറഞ്ഞു. 12 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗൂഗ്‌ളിന്റെ ആഗോള എ.ഐ കേന്ദ്രങ്ങളുടെ ശൃംഖലയുടെ ഭാഗമാകും വിശാഖപട്ടണം. എ.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍, വലിയ ഊര്‍ജ്ജ സ്രോതസ്സുകള്‍, വിപുലീകരിച്ച ഫൈബര്‍-ഒപ്റ്റിക് ശൃംഖല എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ഇത്.
മൈക്രോസോഫ്റ്റ്, എ.ഡബ്ല്യു.എസ്, ഇപ്പോള്‍ ഗൂഗ്ള്‍ തുടങ്ങിയ ടെക് ഭീമന്‍ കമ്പനികള്‍ അവരുടെ സാന്നിധ്യം വികസിപ്പിക്കുന്നതിലൂടെ ഇന്ത്യ അത്തരം നിക്ഷേപങ്ങള്‍ക്ക് പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നു.
2029 ഓടെ ആറ് ജിഗാവാട്ട് ഡാറ്റാ സെന്റര്‍ ശേഷി കൈവരിക്കാന്‍ ആന്ധ്രാപ്രദേശ് ലക്ഷ്യമിടുന്നു. വിശാഖപട്ടണത്തെ രാജ്യത്തിന്റെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയിലെ നിര്‍ണായക കേന്ദ്രമായി കണക്കാക്കാം. ഇത്തരം ഭീമന്‍ പദ്ധതികള്‍ ഇന്ത്യയുടെ ഡിജിറ്റല്‍ മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് വളരെ സഹായകമാകും.