പൊതുമേഖലാ ബാങ്ക് ലയനം: 9 ബാങ്കുകള്‍ ലയിച്ചില്ലാതാകും; കേന്ദ്രധനമന്ത്രിക്ക് കത്തയച്ച്‌ ജീവനക്കാരുടെ സംഘടന

രാജ്യത്ത് പൊതുമേഖലാ ബാങ്കുകള്‍ക്കിടയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ബാങ്കുകളിലൊന്നാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. ലാഭ വളര്‍ച്ചയിലും വായ്പാവളര്‍ച്ചയിലും മറ്റു ബാങ്കുകളേക്കാള്‍ ഏറെക്കാലമായി ബഹുദൂരം മുന്നിലെത്താനും ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു

author-image
Biju
New Update
nirmala

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് എണ്ണം കുറയ്ക്കാനുള്ള കേന്ദ്ര നീക്കത്തില്‍ വ്യക്തത തേടി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ജീവനക്കാര്‍. ലയനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ ആശങ്കയായിട്ടുണ്ടെന്ന് കത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര എംപ്ലോയീസ് ആന്‍ഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് പൊതുമേഖലാ ബാങ്കുകള്‍ക്കിടയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ബാങ്കുകളിലൊന്നാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. ലാഭ വളര്‍ച്ചയിലും വായ്പാവളര്‍ച്ചയിലും മറ്റു ബാങ്കുകളേക്കാള്‍ ഏറെക്കാലമായി ബഹുദൂരം മുന്നിലെത്താനും ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്രയെ എസ്ബിഐയില്‍ ലയിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ ധനമന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

202627നകം ബാങ്കുകളെ ലയിപ്പിക്കാനാണ് കേന്ദ്ര നീക്കം. ബാങ്കുകളെ സംയോജിപ്പിച്ച് ലോകത്തെ ആദ്യ 20 മുന്‍നിര ബാങ്കുകളുടെ ഗണത്തിലേക്ക് ഇന്ത്യയിലെ രണ്ടു പൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരണമെന്ന ആലോചനയാണ് ഈ നീക്കത്തിനു പിന്നില്‍. എസ്ബിഐ, പഞ്ചാബ് നാഷനല്‍ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്കു മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് സാധ്യത. 

ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയില്‍ ലയിപ്പിച്ചേക്കും. ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷനല്‍ ബാങ്കിനോടും യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിനോടും ലയിപ്പിക്കാനാണ് ആലോചിക്കുന്നത്. 

ഇതോടെ വമ്പന്‍ പദ്ധതികള്‍ക്ക് ഉള്‍പ്പെടെ വായ്പ നല്‍കാനും മറ്റും ഈ 3 ബാങ്കുകള്‍ക്കും കഴിയും. ബാങ്ക് ആസ്തിയില്‍ ലോകത്തെ പ്രമുഖ 100 ബാങ്കുകളുടെ പട്ടികയില്‍ 47-ാം സ്ഥാനമാണ് എസ്ബിഐക്കുള്ളത്. ഈ വിഭാഗത്തില്‍ ആദ്യ 4 ബാങ്കുകളും ചൈനയുടേതാണ്.

ഇതിനു പുറമേ, കനറാ എച്ച്എസ്ബിസി, കനറാ റൊബെകോ എന്നിവയുടെ ഐപിഒയും ഉടനുണ്ടാകും. 2017ല്‍ ആണു ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്. പിന്നീട് 2019ല്‍ ബാങ്കുകളുടെ ലയനത്തിലൂടെ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആക്കി. ഇനിയും അതു മൂന്നാക്കാനാണ് നീക്കം.

nirmala sitharaman