10 വര്‍ഷം ജിയോയ്ക്ക് ബിഎസ്എന്‍എല്‍ ബില്ലിട്ടില്ല; 1,757 കോടി നഷ്ടമെന്ന് സിഎജി

ബി.എസ്.എന്‍.എല്ലിന്റെ നിഷ്‌ക്രിയ അടിസ്ഥാന സൗകര്യങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ 2014 മെയ് മുതല്‍ ജിയോയുമായി പങ്കിട്ടതിന്റെ തുകയാണ് ഈടാക്കാത്തത്. തുകയ്ക്കായി ബില്‍ നല്‍കുന്നതില്‍ ബി.എസ്.എന്‍.എല്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍

author-image
Biju
New Update
gdr

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് ബി.എസ്.എന്‍.എല്ലിന്റെ മുഖ്യഎതിരാളിയാണ് റിലയന്‍സ് ജിയോ. കുറഞ്ഞകാലയളവിനുള്ളില്‍ രാജ്യമാകെ വ്യാപിച്ച് 5 ജി സേവനവുമായി മുന്നേറുന്ന ജിയോയോട് 4 ജിയുമായാണ് ബി.എസ്.എന്‍.എല്‍ മല്‍സരിക്കുന്നത്.  എന്നാല്‍ ജിയോയില്‍നിന്ന് ബില്ല് ഈടാക്കുന്നതില്‍ ബി.എസ്.എന്‍.എല്ലിന് ഒട്ടും മല്‍സര ബുദ്ധിയില്ലെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍. 

പത്തുവര്‍ഷത്തെ ബില്‍ യഥാസമയം ഈടാക്കുന്നതില്‍ പൊതുമേഖല സ്ഥാപനം വീഴ്ചവരുത്തിയപ്പോള്‍ ഖജനാവിന് നഷ്ടം 1,757.56 കോടി രൂപ.  ബി.എസ്.എന്‍.എല്ലിന്റെ നിഷ്‌ക്രിയ അടിസ്ഥാന സൗകര്യങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ 2014 മെയ് മുതല്‍ ജിയോയുമായി പങ്കിട്ടതിന്റെ തുകയാണ് ഈടാക്കാത്തത്.  തുകയ്ക്കായി ബില്‍ നല്‍കുന്നതില്‍ ബി.എസ്.എന്‍.എല്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. 

ടെലികോം സേവന ദാതാക്കള്‍ക്ക് നല്‍കിയ വരുമാന വിഹിതത്തില്‍നിന്ന് ലൈസന്‍സ് ഫീസിന്റെ വിഹിതം കുറയ്ക്കുന്നതിലും ബി.എസ്.എന്‍.എല്‍ വീഴ്ച വരുത്തി, അതിനാല്‍ 38 കോടി 36 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കരാറിലെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തതിനാല്‍ ജിഎസ്ടി ഉള്‍പ്പെടെ 29 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നും  കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് ബി.എസ്.എന്‍.എല്‍ അധികൃതരോ ടെലികോം മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.  ജിയോയ്ക്ക് ബില്‍ നല്‍കാത്ത് ബി.എസ്.എന്‍.എല്ലിന്റെ വീഴ്ചയാണോ അതോ ഒത്തുകളിയാണോ എന്നാണ് സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ഉയരുന്ന ചോദ്യം.

Jio bsnl