ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ നികുതി കുറച്ചേക്കും. ആഢംബര വാച്ചുകള്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ നികുതി നിരക്ക് വര്‍ധിപ്പിക്കുന്നതിനോടൊപ്പം പുതിയതായി 35 ശതമാനമെന്ന നികുതി സ്ലാബും കൊണ്ടുവന്നേക്കും. കൗണ്‍സിലിന്റെ അജണ്ടയിലുള്ള പ്രധാന ഇനങ്ങളിലൊന്ന് ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജിഎസ്ടി നിരക്ക് തീരുമാനിക്കുകയെന്നതാണ്.
ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. 55-ാമത് യോഗമാണ് ശനിയാഴ്ച നടക്കുന്നത്. 148 ഇനങ്ങളുടെ നികുതി നിരക്ക് പുനഃക്രമീകരിക്കുന്ന കാര്യം ചര്‍ച്ചക്കുവരുമെന്നാണ് സൂചന.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ക്കുള്ള ജി.എസ്.ടി നിരക്ക് 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുന്ന കാര്യം പരിഗണിക്കും.