/kalakaumudi/media/media_files/2025/12/16/hdfc-2025-12-16-12-14-54.jpg)
മുംബൈ: ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ 9.5% വരെ ഓഹരി പങ്കാളിത്തം ഏറ്റെടുക്കാന്‍ എച്ച്.ഡി.എഫ്.സി ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി.
റിസര്‍വ് ബാങ്കിന്റെ അനുമതി പ്രകാരം, എച്ച്.ഡി.എഫ്.സി ബാങ്ക് രണ്ട് വര്‍ഷത്തിനകം (2027 ഡിസംബര്‍ 15-ന് മുന്‍പ്) ഈ ഓഹരി പങ്കാളിത്തം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലും, എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പങ്കാളിത്തം ഒരു കാരണവശാലും 10% കടക്കാന്‍ പാടില്ല എന്ന കര്‍ശന വ്യവസ്ഥയും ആര്‍.ബി.ഐ. മുന്നോട്ട് വെച്ചിട്ടുണ്ട്.
സാധാരണയായി, ബാങ്കുകള്‍ മറ്റ് ബാങ്കുകളുടെ ഓഹരികള്‍ സ്വന്തമാക്കുന്നത് രണ്ട് പ്രധാന ലക്ഷ്യങ്ങളോടെയാണ്. നിക്ഷേപ നേട്ടത്തിനും വ്യാപാര ബന്ധം ശക്തമാക്കാനും. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഓഹരി വിലയിലുണ്ടാകുന്ന വളര്‍ച്ചയില്‍ നിന്ന് ലാഭം നേടുകയാണ് ലക്ഷ്യം. അതേപോലെ ഭാവിയില്‍ സാങ്കേതികവിദ്യ, സേവനങ്ങള്‍ എന്നിവ പങ്കുവെക്കുന്നതിനോ അല്ലെങ്കില്‍ വലിയ ലയനങ്ങള്‍ക്കോ വേണ്ടിയുള്ള ആദ്യ പടിയായും ഇതിനെ കാണാം.
എച്ച്.ഡി.എഫ്.സി. ബാങ്ക് ഓഹരി പങ്കാളിത്തം നേടുന്നത് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ മൂല്യത്തില്‍ വിപണിക്ക് കൂടുതല്‍ വിശ്വാസം നല്‍കുമെന്നാണ് പ്രമുഖ ബാങ്കിങ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം, ഏറ്റെടുക്കല്‍ അനുമതി വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ഇരു ബാങ്കുകളുടെയും ഓഹരി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. സാധാരണയായി, ഇത്തരമൊരു തന്ത്രപരമായ നീക്കത്തിന് അനുമതി ലഭിക്കുമ്പോള്‍ ഓഹരി വിലയില്‍ മുന്നേറ്റമാണ് ഉണ്ടാവാറുള്ളത്. വിപണിയുടെ അപ്രതീക്ഷിത പ്രതികരണം നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
ആര്‍.ബി.ഐ. അനുമതി ലഭിച്ചുവെന്ന പ്രഖ്യാപനം ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഓഹരി വിലയെ ഒരുവേള മുകളിലേക്ക് നയിച്ചെങ്കിലും, അധികം വൈകാതെ ഇരു ബാങ്കുകളുടെയും ഓഹരികള്‍ താഴ്ന്നു. വിപണിയുടെ അവ്യക്തതയാണ് ഇടിവിനു കാരണം എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
എച്ച്.ഡി.എഫ്.സി. ബാങ്ക് നേരിട്ടല്ല 9.5% ഓഹരി ഏറ്റെടുക്കുന്നത്, മറിച്ച് എച്ച്.ഡി.എഫ്.സി. ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളായ മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ എന്നിവ വഴിയായിരിക്കും. എന്നാല്‍, എത്ര ഓഹരി എപ്പോള്‍, ഏത് വിലയ്ക്ക് ഏറ്റെടുക്കുമെന്ന കാര്യത്തില്‍ വ്യക്തമായ പദ്ധതികള്‍ എച്ച്.ഡി.എഫ്.സി. ബാങ്ക് പുറത്തുവിട്ടിട്ടില്ല. ഈ അവ്യക്തതയാണ് അനിശ്ചിതത്വം സൃഷ്ടിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
