/kalakaumudi/media/media_files/2025/01/23/3RyZouEsaZAKJt6yVvHi.jpg)
Representational Image
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ന് സ്വര്‍ണത്തിന് 600 രൂപയാണ് വര്‍ധിച്ചത്. 60,200 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന്റെ വില 75 രൂപ ഉയര്‍ന്ന് 7,525 രൂപയുമായി. ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളിലെ അനിശ്ചിതത്വം കണക്കിലെടുത്ത് വന്‍കിട ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് വിലയില്‍ കുതിപ്പുണ്ടാക്കിയത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് (28.35 ഗ്രാം) 2,750 ഡോളര്‍ വരെ ഉയര്‍ന്നു. രൂപയുടെ മൂല്യം 86.60ലേക്ക് താഴ്ന്നതും വില കൂടാനിടയാക്കി. 24 കാരറ്റ് തനിത്തങ്കത്തിന്റെ വില 82.5 ലക്ഷം രൂപയാണ്. ഇന്നത്തെ വില അനുസരിച്ച് പണിക്കൂലിയും ജി.എസ്.ടിയും സെസുമടക്കം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ 65,000 രൂപയിലധികമാകും.
നവംബര്‍ മാസത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ 2536 ഡോളറിലേക്ക് കുറഞ്ഞ അന്താരാഷ്ട്ര സ്വര്‍ണ്ണവില വീണ്ടും 2750 ഡോളറിലേക്ക് കുതിച്ചെത്തുകയാണ് ഉണ്ടായത്. എല്ലാവര്‍ഷങ്ങളിലും നവംബര്‍ മുതല്‍ ഫെബ്രുവരി വരെ സ്വര്‍ണത്തിനു ഡിമാന്‍ഡ് ഉയരാറുണ്ട്.
ഇസ്രായേലും ഹമാസും കഴിഞ്ഞ ഞായറാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പു വെച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ഡോളര്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി.