ന്യൂഡല്‍ഹി: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോറും നിസാന്‍ മോട്ടോറും ഒന്നാകുന്നു. ഇവരുടെ ലയനം പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണക്കമ്പനികളിലൊന്നിന്റെ പിറവിയായിരിക്കും.
മാത്രമല്ല ടൊയോട്ട, ടെസ്‌ല തുടങ്ങിയ വമ്പന്മാര്‍ക്ക് വെല്ലുവിളിയും ഉയര്‍ത്തും. ടോക്കിയോ ആസ്ഥാനമായ നിക്കേയ് മാധ്യമമാണ് ലയനവാര്‍ത്ത പുറത്തുവിട്ടത്. ഒറ്റ മാതൃകമ്പനിക്ക് (ഹോള്‍ഡിങ് കമ്പനി) കീഴില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാനുള്ള നീക്കമാണ് ഹോണ്ടയും നിസാനും നടത്തുന്നതെന്നും ഇതു സംബന്ധിച്ച കരാറില്‍ ഇരുകൂട്ടരും ഉടന്‍ ഒപ്പുവയ്ക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഹോണ്ടയും നിസാനും ലയിച്ചുണ്ടാകുന്ന കമ്പനിയില്‍ ലയിക്കാന്‍ മറ്റൊരു ജാപ്പനീസ് വാഹനക്കമ്പനിയായ മിത്സുബിഷി മോട്ടോഴ്‌സും (Mitsubishi Motors) എത്തിയേക്കും. നിലവില്‍ നിസാന്‍ ആണ് 24% ഓഹരി പങ്കാളിത്തവുമായി മിത്സുബിഷിയുടെ മുഖ്യ ഓഹരി ഉടമകള്‍. ടൊയോട്ടയ്ക്ക് പിന്നിലായി യഥാക്രമം ജപ്പാനിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ വാഹന നിര്‍മാണക്കമ്പനികളാണ് ഹോണ്ടയും നിസാനും. ടൊയോട്ടയും ബിവൈഡി അടക്കമുള്ള ചൈനീസ് കാര്‍ കമ്പനികളും ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നത് വഴി ഉയര്‍ത്തുന്ന വെല്ലുവിളി തരണം ചെയ്യുക കൂടി ഉന്നമിട്ടാണ് നിസാനും ഹോണ്ടയും ലയനവഴി ആലോചിക്കുന്നത്.