/kalakaumudi/media/media_files/2025/09/08/stock-2-2025-09-08-09-40-52.jpg)
മുംബൈ: വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്കും ട്രംപ് താരിഫിന്റെ ആഘാതവും ലാഭമെടുക്കല്‍ വര്‍ധിച്ചതും വെള്ളിയാഴ്ച ഓഹരി വിപണിയെ ഫ്ളാറ്റാക്കിയിരുന്നു. യു.എസ് ഫെഡ് നിരക്കുമെന്ന പ്രതീക്ഷയിലും പോസിറ്റീവായ ആഗോള സൂചനകളിലും വിപണി ഉയര്‍ന്ന് വ്യാപാരം തുടങ്ങിയെങ്കിലും നേട്ടം നിലനിറുത്താനായില്ല. സെന്‍സെക്സ് 7 പോയിന്റ് നഷ്ടത്തില്‍ 80,710.76 എന്ന നിലയിലെത്തിയപ്പോള്‍ നിഫ്റ്റി ഏഴ് പോയിന്റ് നേട്ടത്തില്‍ 24,741ല്‍ ക്ലോസ് ചെയ്തു.
വരും ദിവസങ്ങളിലും വിപണിയുടെ സമീപനം സമ്മിശ്രമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രാദേശിക വിപണിയുമായി ബന്ധപ്പെട്ട മേഖലകളില്‍ ജി.എസ്.ടി പരിഷ്‌ക്കാരം ഗുണം ചെയ്യും. എന്നാല്‍ യു.എസ് തീരുവയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ തുടരാനാണ് സാധ്യത. അടുത്ത ദിവസങ്ങളില്‍ പുറത്തുവരുന്ന യു.എസ് തൊഴില്‍ കണക്കുകളും ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ കുറക്കുമെന്ന സാധ്യതയും വിപണിക്ക് പ്രതീക്ഷയാണ്. ഇത്തരത്തില്‍ വരും ദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കുന്ന അഞ്ച് ഘടകങ്ങള്‍.
ഓഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പ കണക്കുകള്‍ സെപ്റ്റംബര്‍ രണ്ടിനാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കുന്നത്. ഇതിനൊപ്പം ബാങ്ക് ക്രെഡിറ്റ് ആന്‍ഡ് ഡെപ്പോസിറ്റ് വളര്‍ച്ച, വിദേശനാണ്യ ശേഖര കണക്കുകള്‍ എന്നിവയും നിര്‍ണായകമാകുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.
യു.എസ് സര്‍ക്കാര്‍ പുറത്തിറക്കുന്ന ചില കണക്കുകളും വിപണിയെ സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പണപ്പെരുപ്പ കണക്കുകള്‍, പ്രൊഡ്യൂസര്‍ പ്രൈസ് സൂചിക, കണ്‍സ്യൂമര്‍ പ്രൈസ് സൂചിക, തൊഴിലില്ലായ്മ കണക്കുകള്‍, കണ്‍സ്യൂമര്‍ സെന്റിമന്‍സ് എന്നീ കണക്കുകള്‍ നിര്‍ണായകമാകും. വിദേശ ഫണ്ടുകള്‍ എത്തുന്നതിനും യു.എസ് ഫെഡ് നിരക്ക് മാറ്റത്തിനും ഈ കണക്കുകള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
നിക്കല്‍, സ്വര്‍ണം തുടങ്ങിയ ലോഹങ്ങളുടെയും ചില മരുന്നുകളുടെയും കയറ്റുമതിയില്‍ ചില താരിഫ് ഇളവുകള്‍ തിങ്കളാഴ്ച്ച ട്രംപ് പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്തകള്‍. ചില വ്യാപാര പങ്കാളികള്‍ക്ക് 45 വിഭാഗങ്ങളില്‍ താരിഫ് ഒഴിവാക്കുമെന്നാണ് സൂചന. ഇത് വിപണിയെ സ്വാധീനിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഇന്ത്യ-യു.എസ് തര്‍ക്കത്തില്‍ മഞ്ഞുരുകുമെന്ന സൂചനകളും വിപണിക്ക് ആശ്വാസമേകുന്നതാണ്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1,305 കോടി രൂപയുടെ ഓഹരികള്‍ വെള്ളിയാഴ്ച വിദേശ നിക്ഷേപകര്‍ വിറ്റൊഴിച്ചു. എന്നാല്‍ പ്രാദേശിക നിക്ഷേപകരും ഫണ്ടുകളും 1,821 കോടി രൂപയുടെ ഓഹരി വാങ്ങിയതായും കണക്കുകള്‍ പറയുന്നു. പ്രാദേശിക നിക്ഷേപകര്‍ 8,812 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ 10,633 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിച്ചു. വിദേശ നിക്ഷേപകര്‍ 8,096 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 9,041 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഇക്കൊല്ലം ഇതുവരെ 2.15 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റിട്ടുണ്ട്. പ്രാദേശിക നിക്ഷേപകരാകട്ടെ 5.24 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതായും കണക്കുകള്‍ പറയുന്നു.
യു.എസ് ഫെഡ് നിരക്കുകള്‍ കുറക്കുമെന്ന സൂചന ശക്തമായതോടെ സ്വര്‍ണവില റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,586.76 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. നാല് മാസത്തിനിടെ സ്വര്‍ണവിലയിലുണ്ടായ ഏറ്റവും വലിയ കയറ്റമാണിത്. വ്യാപാര തര്‍ക്കങ്ങള്‍ തുടരുന്നതും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാക്കുമെന്നാണ് കരുതുന്നത്. സ്വര്‍ണവിലയിലെ തിങ്കളാഴ്ചത്തെ മാറ്റവും വിപണിയെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.