/kalakaumudi/media/media_files/2026/02/23/idfc-2026-02-23-11-27-46.jpg)
ചണ്ഡീഗഡ്: ഹരിയാന സര്‍ക്കാര്‍ അക്കൗണ്ടുകളില്‍ നിന്ന് 590 കോടി രൂപയുടെ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് വെളിപ്പെടുത്തി. ബാങ്കിന്റെ ഛണ്ഡീഗഡ് ശാഖയിലാണ് തട്ടിപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ ബാങ്ക് സസ്പെന്‍ഡ് ചെയ്തു.
ഹരിയാന സര്‍ക്കാര്‍ വകുപ്പുകളിലൊന്ന് തങ്ങളുടെ അക്കൗണ്ട് അവസാനിപ്പിച്ച് തുക മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തിരിമറി ശ്രദ്ധയില്‍പ്പെട്ടത്. സര്‍ക്കാര്‍ രേഖകളിലെ തുകയും ബാങ്ക് അക്കൗണ്ടിലെ യഥാര്‍ത്ഥ ബാലന്‍സും തമ്മില്‍ വലിയ വ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 18 മുതല്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ അക്കൗണ്ടുകളും പരിശോധിച്ചപ്പോഴാണ് ഏകദേശം 590 കോടി രൂപയുടെ കുറവ് കണ്ടെത്തിയത്.
സംഭവത്തില്‍ ബാങ്ക് പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തിനായി സ്വതന്ത്ര ഏജന്‍സിയെ ഫോറന്‍സിക് ഓഡിറ്റിനായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ജീവനക്കാര്‍ മറ്റ് വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സംശയകരമായ രീതിയില്‍ പണം കൈമാറ്റം ചെയ്യപ്പെട്ട മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബന്ധപ്പെട്ട ബാങ്കുകളോട് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ആവശ്യപ്പെട്ടു.
ഈ തട്ടിപ്പ് ഛണ്ഡീഗഡ് ശാഖയിലെ ഹരിയാന സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രത്യേക അക്കൗണ്ടുകളില്‍ മാത്രമാണ് നടന്നതെന്നും ബാങ്കിന്റെ മറ്റ് ഇടപാടുകാരെ ഇത് ബാധിക്കില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. സെബി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെയും വിവരം അറിയിച്ചിട്ടുണ്ട്.
പണം തിരിച്ചുപിടിക്കാനുള്ള നിയമനടപടികള്‍ ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിനിടെ, ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സ്വകാര്യ ബാങ്കുകളിലുള്ള സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ ഹരിയാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
