6 ഗള്‍ഫ് രാജ്യങ്ങളുമായി പ്രത്യേകം വ്യാപാരകരാറിന് ഇന്ത്യ

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹറിന്‍, കുവൈത്ത്, ഒമാന്‍ എന്നീ ആറു അറബ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജിസിസി. ഇതിനോടകം യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് വ്യാപാര കരാറുണ്ട്.

author-image
Biju
New Update
gcc

ന്യൂഡല്‍ഹി: രണ്ട് പതിറ്റാണ്ടോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം ഇന്ത്യയും ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ ട്രാക്കിലേക്ക്. വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള മാര്‍ഗ രേഖയില്‍ (ടേംസ് ഓഫ് റഫറന്‍സ്) ഇരുവിഭാഗവും ഒപ്പുവച്ചു. നിര്‍ദിഷ്ട വ്യാപാര കരാറില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളും പ്രവര്‍ത്തന രീതികളുമാണ് മാര്‍ഗരേഖയിലുള്ളത്. ഇതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുടങ്ങിപ്പോയ സ്വതന്ത്ര വ്യാപാര കരാറിലെ ചര്‍ച്ചകള്‍ ഔദ്യോഗികമായി വീണ്ടും തുടങ്ങും. 

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹറിന്‍, കുവൈത്ത്, ഒമാന്‍ എന്നീ ആറു അറബ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജിസിസി. ഇതിനോടകം യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് വ്യാപാര കരാറുണ്ട്. ഖത്തറുമായും സൗദി അറേബ്യയുമായും ചര്‍ച്ചകള്‍ നടക്കുകയുമാണ്. ജിസിസി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2006ലും 2008ലും ഇരു വിഭാഗവും ഓരോ റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പിന്നീട് എല്ലാ രാജ്യങ്ങളുമായും നടത്തിവന്ന വ്യാപാര ചര്‍ച്ചകള്‍ ജിസിസി മരവിപ്പിച്ചു. ഇതോടെ ഇന്ത്യയുമായുള്ള ചര്‍ച്ചയും മുടങ്ങുകയായിരുന്നു. 

കരാര്‍ സാധ്യമായാല്‍ ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാനാകുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഇതോടൊപ്പം ഊര്‍ജ രംഗത്തും ഇന്ത്യയ്ക്ക് നേട്ടമുണ്ടാകും. ഏതാണ്ട് ഒരു കോടിയിലേറെ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥലമാണ് ജിസിസിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയില്‍, പ്രകൃതി വാതകം തുടങ്ങിയ ഉല്‍പന്നങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നത്. പകരം തുണിത്തരങ്ങള്‍, ഇലക്ട്രിക്കല്‍ മെഷിനറി, സ്റ്റീല്‍, ഇരുമ്പ്, ആഭരണങ്ങള്‍, കെമിക്കലുകള്‍ എന്നിവ ഇന്ത്യ കയറ്റുമതി ചെയ്യും. 202324ല്‍ 161.81 ബില്യന്‍ ഡോളറിന്റെയും തൊട്ടടുത്ത വര്‍ഷം 178.7 ബില്യന്‍ ഡോളറിന്റെയും വ്യാപാരമാണ് ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ നടത്തിയത്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് യുഎഇ തന്നെ. സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹറിന്‍ എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നിലുണ്ട്. 

ഇതിന് പുറമെ രാജ്യത്ത് സൗദി അറേബ്യന്‍ കമ്പനികളുടെ നിക്ഷേപം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ പ്രത്യേക ചര്‍ച്ച നടത്താനും ധാരണയായെന്ന് റിപ്പോര്‍ട്ടുണ്ട്. സൗദിയുമായുള്ള ഉഭയകക്ഷി വ്യാപാര ഉടമ്പടി ജിസിസി വ്യാപാര കരാറുമായി കൂട്ടിക്കുഴക്കേണ്ടെന്നാണ് ധാരണ. ഇത് സാധ്യമായാല്‍ രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുവരെയുള്ള ചര്‍ച്ചയില്‍ ചില വിഷയങ്ങളില്‍ ധാരണയിലെത്താന്‍ ഇരുവിഭാഗത്തിനും കഴിഞ്ഞിട്ടില്ല.