ഇന്ത്യ-ഇയു വ്യാപാരകരാര്‍ പ്രഖ്യാപനം ഇന്ന്

രാജ്യാന്തര സംഘര്‍ഷനില മാറ്റമില്ലാതെ തുടരുന്നതിനാല്‍ ക്രൂഡ് ഓയില്‍ ഉയര്‍ന്നു നില്‍ക്കുന്നു. യുക്രെയിന്‍ സമാധാന ചര്‍ച്ച ഫെബ്രുവരി ഒന്നിനു തുടരും എന്നാണ് അറിയിപ്പ്

author-image
Biju
New Update
india eu

ന്യൂഡല്‍ഹി: ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ (ഇയു) സ്വതന്ത്രവ്യാപാര കരാര്‍ പ്രഖ്യാപിക്കുന്ന ഈയാഴ്ചയും ഇന്ത്യ-യുഎസ് കരാര്‍ സംബന്ധിച്ച തീരുമാനം ഉണ്ടാകാനിടയില്ല. എങ്കിലും ഇന്ത്യന്‍ വിപണി ഇന്നു നല്ല മുന്നേറ്റം പ്രതീക്ഷിച്ചാണു വ്യാപാരം തുടങ്ങുന്നത്. രാജ്യാന്തര സംഘര്‍ഷനില മാറ്റമില്ലാതെ തുടരുന്നതിനാല്‍ ക്രൂഡ് ഓയില്‍ ഉയര്‍ന്നു നില്‍ക്കുന്നു. യുക്രെയിന്‍ സമാധാന ചര്‍ച്ച ഫെബ്രുവരി ഒന്നിനു തുടരും എന്നാണ് അറിയിപ്പ്.

സ്വര്‍ണവും വെള്ളിയും കുതിച്ചു കയറുകയാണ്. സ്വര്‍ണം ഔണ്‍സിന് 5110 ഡോളറും വെള്ളി 117 ഡോളറും വരെ കയറിയിട്ട് ലാഭമെടുക്കലിനെ തുടര്‍ന്നു താഴ്ന്നു. ഇനിയും കയറും എന്നാണു സൂചന.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 25,207.50 വരെ ഉയര്‍ന്നു. പിന്നീട് അല്‍പം താഴ്ന്നു. നിഫ്റ്റി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വ്യാഴാഴ്ച പണനയ അവലോകനം പ്രഖ്യാപിക്കും. കഴിഞ്ഞ മാസങ്ങളിലെ തൊഴില്‍ കണക്കുകള്‍ തൃപ്തികരമായതു കൊണ്ട് പലിശ കുറയ്‌ക്കേണ്ടതില്ല എന്ന നിലപാടിലാണ് ഫെഡ് ചെയര്‍മാന്‍ ജെറോം പവലും കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും എന്നാണു സൂചന.

യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യയുടെ സ്വതന്ത്രവ്യാപാര കരാര്‍ ഇന്നു പ്രഖ്യാപിക്കും. ചര്‍ച്ചകള്‍ ഇന്നലെ പൂര്‍ത്തിയായി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കരാര്‍ ഒപ്പിടും. ആഡംബര കാറുകള്‍ അടക്കം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് ഇന്ത്യ തീരുവ കുറയ്ക്കും. 2007 ല്‍ തുടക്കമിട്ട ചര്‍ച്ചയാണ് ഇപ്പോള്‍ കരാറില്‍ എത്തുന്നത്. കഴിഞ്ഞ  വര്‍ഷം ഇന്ത്യ യൂറോപ്യന്‍ യൂണിയനിലേക്ക് 7585 കോടി ഡോളറിന്റെ സാധനങ്ങള്‍ കയറ്റുമതി ചെയ്തു, അവിടെ നിന്ന് 6068 കോടി ഡോളറിന്റെ ഇറക്കുമതി നടത്തി. കരാര്‍ ഇന്ത്യന്‍ കയറ്റുമതിയെ കാര്യമായി സഹായിക്കും എന്നാണു പ്രതീക്ഷ.
യുഎസ് ഫ്യൂച്ചേഴ്‌സ് ദിന്നദിശകളില്‍

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു രാവിലെ ദിന്നദിശകളിലാണ്. ഡൗ 0.32 ശതമാനം താഴ്ന്നു. എസ് ആന്‍ഡ് പി 0.06 ഉം നാസ്ഡാക് 0.24 ഉം ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു. 

വെള്ളിയാഴ്ച ഭിന്നദിശകളില്‍ നീങ്ങിയ യുഎസ് വിപണി തിങ്കളാഴ്ച ഉയര്‍ന്നു. മൂന്നു സൂചികകളും അര ശതമാനത്തോളം കയറി ക്ലോസ് ചെയ്തു.