/kalakaumudi/media/media_files/2025/11/25/india-canada-2025-11-25-08-07-59.jpg)
ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഔദ്യോഗികമായി പുനരാരംഭിക്കാന്‍ ധാരണ. ജോഹന്നാസ്ബര്‍ഗില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
2030-ഓടെ ഉഭയകക്ഷി വ്യാപാരം 50 ബില്യണ്‍ ഡോളറിലെത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ കാനഡ ലക്ഷ്യമിടുന്നത് 70 ബില്യണ്‍ ഡോളറാണ്. ഇന്ത്യന്‍ വിപണിയില്‍ കനേഡിയന്‍ ബിസിനസുകള്‍ക്കുള്ള വലിയ പ്രതീക്ഷയാണ് ഈ ഉയര്‍ന്ന ലക്ഷ്യത്തിന് പിന്നിലെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 2024-ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 22.6 ബില്യണ്‍ ഡോളറായിരുന്നു.
ഇരുരാജ്യങ്ങളും തമ്മില്‍ 15 വര്‍ഷം മുമ്പാണ് വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ പിന്നീട് അത് ചില പ്രത്യേക വ്യവസായങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു കരാറിലേക്ക് ചുരുങ്ങുകയായിരുന്നു.
ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് 2023 ല്‍ അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതോടെ ചര്‍ച്ചകള്‍ പൂര്‍ണ്ണമായും വഴിമുട്ടിയിരുന്നു. ഇന്ത്യ ഈ ആരോപണം അസംബന്ധം എന്ന് വിശേഷിപ്പിച്ച് തള്ളുകയായിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ കാനഡയില്‍ അധികാരമാറ്റം ഉണ്ടായതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമാകുന്നത്.
ചരക്ക്, സേവനം, നിക്ഷേപം, കൃഷി, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ കരാര്‍ ചര്‍ച്ചകളെന്ന് കനേഡിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2026-ന്റെ തുടക്കത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണം മാര്‍ക്ക് കാര്‍ണി സ്വീകരിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
