ട്രംപിനെ പിന്നിലാക്കും; ഇന്ത്യ- ഇയു വമ്പന്‍ വ്യാപാര കരാര്‍ വരുന്നു

ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാര്‍ ചര്‍ച്ച അന്തിമഘട്ടത്തിലായെന്ന് ട്രംപും കേന്ദ്ര വാണിജ്യ മന്ത്രാലയവും അടിക്കടി പറയുന്നുണ്ടെങ്കിലും എന്ന് ഒപ്പുവയ്ക്കുമെന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്

author-image
Biju
New Update
ursu

ന്യൂഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാര്‍ ഉറപ്പിക്കുംമുന്‍പേ ഇന്ത്യയുമായി വമ്പന്‍ ഡീല്‍ ഒപ്പുവയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെത്തുന്നു. ഇക്കുറി റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല ഫോണ്‍ ഡെര്‍ ലേയെന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് അഥിതികള്‍. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലെ വമ്പന്‍ സ്വതന്ത്ര വ്യാപാരക്കരാറിലും ഇവര്‍ ഒപ്പിട്ടേക്കും. 

ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാര്‍ ചര്‍ച്ച അന്തിമഘട്ടത്തിലായെന്ന് ട്രംപും കേന്ദ്ര വാണിജ്യ മന്ത്രാലയവും അടിക്കടി പറയുന്നുണ്ടെങ്കിലും എന്ന് ഒപ്പുവയ്ക്കുമെന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സമയപരിധിയൊന്നും വയ്ക്കാനാവില്ലെന്നാണ് ഇന്നലെയും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയത്.

ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര വിപണി തുറന്നുകിട്ടണമെന്ന ട്രംപിന്റെ പിടിവാശിക്ക് കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തതാണ് കരാര്‍ പ്രഖ്യാപനം വൈകുന്നതിന് പിന്നിലെന്നാണ് സൂചനകള്‍. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ ഇത്തരത്തില്‍ ഇന്ത്യയോട് കടുംപിടിത്തം കാട്ടാത്തത് ഇന്ത്യയ്ക്ക് വലിയ നേട്ടവുമാണ്.

ട്രംപ് ചുമത്തിയ 50% തീരുവമൂലം അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ ബദല്‍ വിപണികള്‍ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിനും ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാരക്കരാര്‍ വലിയ കരുത്താകും.

റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരിലാണ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ 50% തീരുവ പ്രഖ്യാപിച്ചത്. ഇതേ നടപടി യൂറോപ്യന്‍ യൂണിയനും എടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ പരമ്പരാഗത വ്യാപാര പങ്കാളിയാണെന്നും ഇന്ത്യയുമായി വ്യാപാര ഡീല്‍ ഉറപ്പിച്ച് മുന്നോട്ടുപോകാനാണ് താല്‍പ്പര്യമെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ വളരുന്ന സമ്പദ്ശക്തിയാണെന്നും തീരുവ കൂട്ടാനല്ല, തീരുവ കുറച്ച് വ്യാപാരബന്ധം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് ഇയു അംഗമായ ഫിന്‍ലന്‍ഡും വ്യക്തമാക്കിയിട്ടുണ്ട്.

ഏത് നിമിഷവും യുഎസ് ഇറാനെ ആക്രമിക്കും. പ്രതികാരമെന്നോണം ഇറാന്‍ ഖത്തറിലെയും മറ്റും യുഎസ് സൈനിക കേന്ദ്രങ്ങളും ആക്രമിക്കും - കഴിഞ്ഞ ഏതാനും ദിവസമായി ലോകം കടന്നുപോയത് ഇത്തരം റിപ്പോര്‍ട്ടുകളിലൂടെയായിരുന്നു. എന്നാല്‍, ഇറാനെതിരെ സൈനികനീക്കം തല്‍ക്കാലമില്ലെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതോടെ ആശങ്ക തല്‍ക്കാലം പടികടന്നു.

എന്നാല്‍, ട്രംപിന്റെ വാക്കുകള്‍ക്ക് പിന്നാലെ ക്രൂഡ് ഓയില്‍ വില കൂപ്പുകുത്തി. ഒറ്റയടിക്ക് 5% ഇടിവ്. സമീപകാലത്തെ ഏറ്റവും വലിയ വീഴ്ച. യുഎസ്-ഇറാന്‍ സംഘര്‍ഷമുണ്ടായാല്‍ ഇറാനിലെയും ഗള്‍ഫ് മേഖലയിലെയും എണ്ണവിതരണം തടസ്സപ്പെടുമെന്നും വില കത്തിക്കയറുമെന്നും ആശങ്കയുണ്ടായിരുന്നു. ട്രംപിന്റെ വാക്കുകള്‍ക്ക് പിന്നാലെ ക്രൂഡ് വില ഇടിയുകയായിരുന്നു. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 59 ഡോളറിലേക്കും ബ്രെന്റ് വില 63 ഡോളറിലേക്കുമാണ് ഇടിഞ്ഞത്.