റഷ്യന്‍ എണ്ണ വാങ്ങല്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍ത്തുന്നു

റഷ്യന്‍ എണ്ണ നേരിട്ടോ പരോക്ഷമായോ വാങ്ങില്ലെന്ന ഉറപ്പുനല്‍കിയെന്നു കാട്ടിയാണു ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50% അധികതീരുവ കഴിഞ്ഞ ദിവസം യുഎസ് വെട്ടിക്കുറച്ചത്.

author-image
Biju
New Update
OIL

ന്യൂഡല്‍ഹി: ഇന്ത്യയുഎസ് വ്യാപാരക്കരാര്‍ പ്രഖ്യാപനത്തിനുപിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താനുള്ള നടപടികളുമായി ഇന്ത്യന്‍ കമ്പനികള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) എന്നീ പൊതുമേഖല എണ്ണക്കമ്പനികളും റഷ്യന്‍ എണ്ണയ്ക്ക് ഏപ്രില്‍ മാസ ഓര്‍ഡര്‍ നല്‍കുന്നത് മരവിപ്പിച്ചുവെന്നാണു വിവരം. റഷ്യന്‍ കമ്പനിക്ക് ഓഹരിയുള്ള നയാരയും ഏപ്രിലില്‍ ഓര്‍ഡര്‍ നല്‍കിയിട്ടില്ല. മാര്‍ച്ചിലേക്ക് ഇതിനകം നല്‍കിയ ഓര്‍ഡറും മുന്‍മാസങ്ങളിലേക്കാള്‍ ഏറെ കുറവാണ്.

റഷ്യന്‍ എണ്ണ നേരിട്ടോ പരോക്ഷമായോ വാങ്ങില്ലെന്ന ഉറപ്പുനല്‍കിയെന്നു കാട്ടിയാണു ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50% അധികതീരുവ കഴിഞ്ഞ ദിവസം യുഎസ് വെട്ടിക്കുറച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്നതു നിര്‍ത്തിയോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ പിന്നാക്കം പോകുന്നുവെന്നാണു സൂചന.

കഴിഞ്ഞവര്‍ഷം ജനുവരിക്കും ഒക്ടോബറിനും ഇടയില്‍ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയില്‍ ഇറക്കുമതിയുടെ 3035% റഷ്യയില്‍ നിന്നായിരുന്നു. ഡിസംബറോടെ ഇത് 25 ശതമാനത്തിനു താഴെയായി. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച്ച്പിസിഎല്‍), മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ (എംആര്‍പിഎല്‍), റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികള്‍ റഷ്യന്‍ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തി.

റഷ്യന്‍ കമ്പനിയായ റോസ്‌നെഫ്റ്റിന് 49 % ഓഹരിയുള്ള നയാര പ്രതിദിനം 4 ലക്ഷം ബാരല്‍ ക്രൂഡോയിലാണു റഷ്യയില്‍ നിന്നു ഇറക്കുമതി ചെയ്യുന്നത്. ഏപ്രില്‍ മാസ ഓര്‍ഡര്‍ നല്‍കിയിട്ടില്ലെങ്കിലും നയാരയ്ക്ക് തുടര്‍ന്നും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയേക്കുമെന്നാണു വിവരം. മാര്‍ച്ചില്‍ ഇന്ത്യന്‍ കമ്പനികള്‍ പ്രതിദിനം 6 ലക്ഷം ബാരല്‍ എണ്ണ മാത്രമാകും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുക. കഴിഞ്ഞ വര്‍ഷം ജൂണില്‍ 20 ലക്ഷം ബാരല്‍ ക്രൂഡോയില്‍ കൊണ്ടുവന്നിരുന്നതാണ് ഇത്രത്തോളം കുറയ്ക്കുന്നത്.